സ്ത്രീപുരുഷ പാരസ്പര്യത്തില്‍ പ്രണയം- കാമം - അധികാരം എന്നിവ എങ്ങനെ സംവേദനവിധേയമാകുന്നു എന്നത് കുറേനാള്‍ എന്റെ പഠനവിഷയമായിരുന്നു. ഇവയെ സംബന്ധിക്കുന്ന ചില കഥകളും കുറിപ്പുകളുമാണ് ഈ ബ്ലോഗില്‍. ഇത് എന്റെ ആക്റ്റീവ് ബ്ലോഗ് അല്ല. രചനകള്‍ മഴനിലാവ്, ഗുപ്തം, ഇദെന്താ എന്നീ ബ്ലോഗുകളില്‍ മുന്‍പ് പ്രസിദ്ധീകരിച്ചവയാണ്.
thanks for title backgroun pic

Monday, 21 July 2008

തവളയും രാജകുമാരിയും : ഒരു മോഡേണ്‍ പഴങ്കഥ

അങ്ങനെ കണ്ണടച്ച് കഴുത്തോളം തികട്ടി വന്ന മനം‌പുരട്ടല്‍ മറച്ചുവച്ച് രാ‍ജകുമാരി തവളയെ ചുംബിച്ചു.

സത്യം പറഞ്ഞാല്‍ രാജകുമാരിക്ക് തവളകളെ അറപ്പായിരുന്നു, എല്ലാവരെയും പോലെ.

എല്ലാ പൂന്തോട്ടത്തിലെയും പോലെ കൊട്ടാരത്തിലെ പൂന്തോട്ടത്തിലും ചെറിയകുളവും എല്ലാ കുളത്തിലെയും പോലെ ആ കുളത്തിലെ വെള്ളത്തിലും തവളകളും ഉണ്ടായിരുന്നു.

എങ്കിലും ഒരിക്കല്‍ പൂന്തോട്ടത്തില്‍ കളിച്ചുക്ഷീണിച്ച് തിരികെ വരുമ്പോള്‍ അമ്മയുടെ മുറിയില്‍ നിന്ന് ഒരു തവള ചാടിപ്പോകുമ്പോഴാണ് രാജകുമാരി ആദ്യമായി തവളയെക്കണ്ട് പേടിച്ചത്.

‘തവളയോ എവിടെ?' അമ്മ റാണി ഞെട്ടിക്കൊണ്ട് ചോദിച്ചു. അവരുടെ മുഖത്തെ പരിഭ്രമം കണ്ടപ്പോള്‍ തവള ഒരു ഭീകര ജന്തുവാണെന്ന് രാജകുമാരിക്ക് മനസ്സിലായി.

പിന്നെ തവളകള്‍ ചൊറിയുണ്ടാക്കുന്ന ഭീകരജീവികളാണെന്നും അവകിടക്കുന്ന വെള്ളം പോലും തൊടരുതെന്നും തവളകളെക്കണ്ടാല്‍ തിരിഞ്ഞുനോക്കരുതെന്നും ഉറക്കത്തിലെങ്ങാനും തവള ഉള്ളില്‍ പോയാല്‍ വയറുതുരന്ന് പുറത്തുവരും എന്നും അമ്മറാണി രാജകുമാരിയെ പഠിപ്പിച്ചു.

എന്നാലും ഒരുദിവസം സ്കൂളില്‍ പോയപ്പോള്‍ കൂട്ടുകാരി കുപ്പിക്കുള്ളില്‍ അടച്ച് പുന്നാരിച്ചുവളര്‍ത്തുന്ന തവളയെ രാജകുമാരി കണ്ടു.

തവളയെ കൈകൊണ്ടെടുത്താലും തൊട്ടാലും കുഴപ്പമൊന്നുമില്ല എന്ന് കൂട്ടുകാരി രാജകുമാരിയോട് പറഞ്ഞു.

എന്നാല്‍ നിന്റെ തവളയെ ഞാന്‍ ഒന്നു തൊട്ടോട്ടെ എന്ന് രാജകുമാരി കൂട്ടുകാരിയോട് ചോദിച്ചു. പക്ഷേ കുപ്പിതുറന്നാല്‍ തവള ചാടിപ്പോകും എന്ന് കൂട്ടുകാരി പറഞ്ഞു.

പിന്നീട് കൂട്ടുകാരിപറഞ്ഞകാര്യമാണ് രാജകുമാരിയെ അത്ഭുതപ്പെടുത്തിയത്. ‘ രാജകുമാരീ ആരോടും പറയൂല്ലെങ്കില്‍ ഞാന്‍ ഒരു രഹസ്യം പറയാം’

കണ്ണുകള്‍ വിടര്‍ത്തി ചെവി കൂട്ടുകാരിയുടെ മുഖത്തോട് ചേര്‍ത്ത് രാജകുമാരി പറഞ്ഞു. ‘പറ.. ഞാന്‍ ആരോടും പറയൂല്ല’

‘സത്യം?'

‘സത്യം!’

‘വൈകിട്ടേ ഞാന്‍ കെടക്കാന്‍ പോവുമ്പം...ശോ നീയാരോടും പറയില്ലാല്ലോ’

‘പറയില്ലാടീ കഴുതേ നീ പറ!’

‘വൈകിട്ടേ ഞാന്‍ കെടക്കാന്‍പോവുമ്പം മുറിയുടെ കതകെല്ലാം അടച്ച് കുപ്പി തുറക്കും’

‘അന്നേരം?'

‘അന്നേരം... എന്റെ തവള പുറത്തിറങ്ങിവരും’

‘എന്നിട്ട്’

‘എന്നിട്ട് ഞാനുണ്ടല്ലോ... നോക്ക് നീ ആരോടും പറയല്ലും!’

‘ഇല്ലെടീ മണ്ടൂസേ..ഇത് നമ്മുടെ രഹസ്യല്ലേ!’

‘ഞാനെന്റെ തവളയ്ക്ക് ഒരുമ്മകൊടുക്കും’ കൂട്ടുകാരിയുടെ മുഖം ചുവന്നു.

‘യ്യേ!’ രാജകുമാരി മുഖം ചുളിച്ചു.

‘അപ്പഴേ..’ കൂട്ടുകാരിയുടെ കണ്ണില്‍ നക്ഷത്രം വിരിഞ്ഞു ‘തവള ഒരു രാജകുമാരനായി മാറും’.

‘യ്യോ..!’ രാ‍ജകുമാരി ഞെട്ടിത്തെറിച്ച് നോക്കിയപ്പോഴേക്കും കൂട്ടുകാരി കുപ്പിയിലെ തവളയെയും എടുത്ത് ഓടിക്കളഞ്ഞിരുന്നു.

പിന്നെ പലതവണ ചോദിച്ചെങ്കിലും കൂട്ടുകാരി തവളയെക്കുറിച്ചൊന്നും പറഞ്ഞില്ല. ‘ശ്യോ ഈ രാജകുമാരീടെ ഒരു കാര്യം’ എന്ന് നാണിച്ച് ഒഴിഞ്ഞുമാറി.

അങ്ങനെയാണ് രാജകുമാരി പുരാതന ചരിത്രങ്ങള്‍ തിരയാന്‍ ആരംഭിച്ചത്. എല്ലാ ചരിത്രപുസ്തകത്തിന്റെയും മൂന്നാം പാഠം തവളയെ ചുംബിച്ച രാജകുമാരിയുടേതായിരുന്നു എന്ന് രാജകുമാരി മനസ്സിലാക്കി.

(ഒന്നാമത്തെ പാഠം ഉറങ്ങുന്ന രാജകുമാരിയെ ചുംബിച്ച രാജകുമാരന്റേതും രണ്ടാമത്തേത് രാക്ഷസനെ സ്നേഹിച്ചുപോയ രാജകുമാരിയുടേതും ആയിരുന്നു. നൂറുവര്‍ഷം ഉറങ്ങിപ്പോകുന്നത് പരമബോറായതുകൊണ്ടും രാക്ഷസന്മാര്‍ തവളകളെക്കാള്‍ ഭയങ്കരന്മാരായതുകൊണ്ടും രാജകുമാരിക്ക് ആ പാഠങ്ങളോട് ഇഷ്ടം തോന്നീല്ല.)

വിമര്‍ശനാത്മക ബോധനശാസ്ത്രം അന്നത്തെയൊന്നും പാഠപുസ്തകത്തില്‍ ഇല്ലാത്തതില്‍ രാജകുമാരിക്ക് അതിശയവും ദേഷ്യവും തോന്നി.

നിങ്ങളുടെ ഏറ്റവും അടുത്തകുളത്തില്‍ എത്ര തവളകള്‍ ഉണ്ടെന്ന് പരിശോധിക്കുക മുതലായ ചോദ്യങ്ങള്‍ ചരിത്രപുസ്തകത്തില്‍ എഴുതിച്ചേര്‍ത്തിരുന്നെങ്കില്‍ എന്തെളുപ്പമായേനേ?

എങ്കിലും പരീക്ഷിക്കാന്‍ തന്നെ രാജകുമാരി തീരുമാനിച്ചു.

കൊട്ടാരത്തിലെ തവളയെ പിടിച്ചാല്‍ അമ്മ റാണി കാണും. വഴക്കുപറയും.

അങ്ങനെ നോക്കി നോക്കി നടന്ന് രാജകുമാരി ആറ്റരികിലെ തെളിഞ്ഞവെള്ളത്തില്‍ പൊങ്ങിക്കിടന്ന ഒരു തവളയുമായി ചങ്ങാത്തത്തിലായി.

തൊട്ടും തടവിയും ഇക്കിളിയിട്ടും തവളക്കുള്ളില്‍ ഒരു രാജകുമാരന്‍ ഉണ്ടോ എന്ന് രാജകുമാരി നോക്കി. എന്നിട്ടൊന്നും ഉറപ്പായില്ല.

എല്ലാ ദിവസവും രാജകുമാരിയോട് കിന്നാരം പറഞ്ഞ് അവന്‍ ആറ്റിലെ തെളിവെള്ളത്തിലേക്ക് തിരികെച്ചാടി പൊങ്ങിക്കിടന്നു.

ആദ്യമൊക്കെ കൊട്ടാരത്തില്‍ തിരിച്ചുവന്ന രാജകുമാരി അമ്മകാണാതെ കൈ സോപ്പിട്ട് കഴുകി. പിന്നെപ്പിന്നെ തവളയെ ഓര്‍ക്കുമ്പോള്‍ കൈ കഴുകുന്നത് എന്തോ അപരാധമാണെന്ന് രാജകുമാരിക്ക് തോന്നി. പക്ഷെ.......

ചുരുക്കിപ്പറഞ്ഞാല്‍ അങ്ങനെയാണ് രാജകുമാരി തവളയെ ചുംബിക്കാന്‍ തീരുമാനിച്ചത്.

രാജകുമാരിയുടെ ചുംബനം കിട്ടിയ തവള കണ്ണുമിഴിച്ച് അവളെ നോക്കി. പിന്നെ സന്തോഷം കൊണ്ട് അവളുടെ കയ്യില്‍ നിന്നു തുള്ളിയ ശേഷം തിരിച്ച് വെള്ളത്തിലേക്ക് ചാടി. പതിവുപോലെ അന്നവന്‍ പൊന്തിവന്നില്ല.

രാജകുമാരി ചുറ്റും പരതി പരതി നോക്കി. പാഠത്തില്‍ പറയുന്നതുപോലെ രാജകുമാരനും കുതിരയും വന്നില്ല. കാത്തുനിന്നിട്ടും കരഞ്ഞിട്ടും തവളപോലും പിന്നെ പൊന്തിവന്നില്ല.

ആറിന്റെ മറ്റൊരരികില്‍ ചാഞ്ഞമുളംചില്ലക്കുകീഴില്‍ തവളകള്‍ ആര്‍ത്താര്‍ത്തു ചിരിച്ചു.

‘ചിരിച്ചോടാ ..നായിന്റെ മോള്‍ടെ നശിച്ച വായ്നാറ്റം!’ രാജകുമാരിയുടെ തവള കാര്‍ക്കിച്ചുതുപ്പി.

‘ന്നാലും നീ കാര്യം സാധിച്ചില്ലേ..’ ഒരു കൂട്ടുതവള പറഞ്ഞു.

‘എന്ത് സാധിച്ചെന്ന്.. അവളോട് ഇവന്‍ രാജകുമാരനാണെന്ന് കള്ളം പറഞ്ഞാല്‍ അവളിവനെ ഇന്നു കൊട്ടാരത്തില്‍കൊണ്ട് പോയി കട്ടിലില്‍ കിടത്തി ജിംഗ്ജിഗാ..’ മറ്റൊരുത്തന്‍ സ്വപ്നത്തിലെന്നപോലെ കണ്ണുമിഴിച്ചു.

‘ഇതാപറയുന്നെ ഇവനു ബുദ്ധിയില്ലാന്ന്. കള്ളം പറയാതിരിക്കാനാ മോനേ മൊബൈലും ബ്ലൂറ്റൂത്തും.. ദാ നോക്ക്’ മറ്റൊറ്റു തവള പറഞ്ഞു. അവന്റെ മൊബൈലിന്റെ വൈഡ് സ്ക്രീനില്‍ രാജകുമാരി തവളയെ പ്രണയപൂര്‍വം ചുംബിക്കുന്നത് തെളിഞ്ഞു.

‘ഇനി അവള്‍ നമ്മള്‍ പറയുന്നിടത്താ... അല്ലെങ്കില്‍ ഈ ക്ലിപ്പ് വച്ച് നമ്മളൊരു കളി കളിക്കും.’

‘യ്യോ പാവം’ ഒരു തവള പറഞ്ഞു. മറ്റൊരുത്തന്‍ വെള്ളത്തിലൊഴുകിവന്ന ഒരു കൊമ്പിന്‍ കഷണം പിടിച്ചെടുത്ത് അവനെ എറിഞ്ഞു. ‘എന്തു പാവം. കണ്ടില്ലേ നായിന്റെ മോള്‍ടെ ചപ്പലും വലീം. അവളൊരു വെടിയാടാ..’

‘ഇനിവരുമ്പം പല്ലുതേച്ചാല്‍ മതിയായിരുന്നു’ ചുംബനം കിട്ടിയ തവള പറഞ്ഞു.

കഥയിലെ രാജകുമാരി അപ്പോള്‍ കൊട്ടാരത്തിലേക്കുള്ള വഴിയിയിലൂടെ കലുങ്ക് കടക്കുകയായിരുന്നു. കലുങ്കിലുരുന്ന ഒരു തവള തന്റെ മൊബൈലിലേക്ക് സൂക്ഷിച്ചുനോക്കിയിട്ട് രാജകുമാരിയെ നോക്കി മധുരമായി ചിരിച്ചു.

തവള പറഞ്ഞു ‘ഹായ്!’

രാജകുമാരി അവനെ അമ്പരന്നു നോക്കി.

‘ഒരുമ്മ തര്വോ’ തവള ചോദിച്ചു. ചരിത്രത്തിലെ പാഠത്തില്‍ എവിടെയാണ് പിഴവുപറ്റിയതെന്നറിയാതെ രാജകുമാരി പൊതുവഴിയില്‍ അന്തം വിട്ടു നിന്നു.

കുപ്പിയിലടച്ച തവളകളും കുളത്തിലെതവളകളും ആറ്റിലെ തവളകളും തമ്മിലുള്ള വ്യത്യാസങ്ങളും പതിനാറാം നൂറ്റാണ്ടുമുതല്‍ ഇന്നോളം തവളകളും രാജകുമാരിമാരും തമ്മിലുള്ള ബന്ധത്തില്‍ വന്ന മാറ്റങ്ങളും വിഷയമാക്കി വിമര്‍ശനാത്മക ബോധനശാസ്ത്രം അനുസരിച്ചുണ്ടാക്കിയ റ്റെക്സ്റ്റ്‌ബുക്ക് ചര്‍ച്ചചെയ്യാന്‍ കൂടിയ കരിക്കുലം കമ്മറ്റി അന്നു വൈകുന്നേരത്തേക്ക് ചായകുടിച്ച് പിരിയുകയായിരുന്നു അന്നേരം.

25 comments:

അയല്‍ക്കാരന്‍ said...

:) കൊള്ളാം. ഒരു വെടിക്ക് നൂറ് തവള.

സുനീഷ് said...

വെടിയിറച്ചി ആണോ ഗുപ്തരേ? :-)

Rare Rose said...

ന്റമ്മോ..,...പഴയ കഥ പുതിയതായി ഇന്നത്തെ കാലത്തിനായി മെനഞ്ഞുണ്ടാക്കിയെടുത്തപ്പോള്‍ വന്ന മാറ്റം അതിശയിപ്പിച്ചു...!!!...തവളയും രാജകുമാരിയും കൂടി പുതിയ മാറ്റങ്ങളെക്കുറിച്ചു നന്നായൊന്നു ഇരുത്തി ചിന്തിപ്പിച്ചു.....:)

ശ്രീ said...

പുതിയ കാലത്തിനു പറ്റിയ പുരാണ കഥ
:)

കുഞ്ഞന്‍ said...

ഗുപ്തന്‍‌ മാഷെ..

ആക്ഷേപം ക്ഷ പിടിച്ചു..

എന്നാലും അമ്മ മഹറാണിയുടെ മടിയില്‍നിന്ന് തവള ചാടിപ്പോയി എന്നു പറയുന്ന ഭാഗം..ഇത് പടിഞ്ഞാറന്‍ ജീവിതവുമായി നമ്മുടെ ജീവിതം കൈകോര്‍ക്കുന്നതു കാണുമ്പോള്‍...സത്യമായിട്ടും ആ ഭീകരത അംഗീകരിക്കാന്‍ കുഞ്ഞനു പറ്റുന്നില്ല..പക്ഷെ രാജകുമാരിക്ക് ഇപ്പോള്‍ ഓക്കാനം വരുന്നില്ല എന്നു പറയുമ്പോഴും അങ്ങിനെയുള്ള തലമുറയാണൊ അതും പേടിപ്പെടുത്തുന്നു...

കൂട്ടുകെട്ടിനാലാണ് തെറ്റിലേക്കു പോകുന്നതെന്ന് പറയുമ്പോഴും വീട്ടിലെ സാഹചര്യങ്ങളും അതിനു വഴിയൊരുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍..എങ്ങിനെ അതിജീവിക്കാമെന്ന ചിന്തകള്‍ എന്നെ പ്രാന്തനാക്കാതിരുന്നാല്‍ മതിയായിരുന്നു ദൈവമേ..

മറ്റുള്ളവരുടെ സ്വകാരിതകളിലേക്ക് ഒളിഞ്ഞു നോക്കുന്നത് സദാചാരത്തിന് വിരുദ്ധമാണൊ അല്ലെയൊ എന്നകാര്യത്തില്‍ ഒരു ചാഞ്ചല്യം.. കാരണം വായ് നാറ്റം ഇല്ലാതിരുന്നെങ്കില്‍ തവള രാജകുമാരിയുടെ അന്തപ്പുരത്തില്‍ അന്തിയുറങ്ങുമായിരുന്നു..ഇന്ന് ഉറങ്ങിയില്ലെങ്കിലും നാളെ തവള മൌത്ത് വാഷ് വാങ്ങിക്കൊടുക്കും അങ്ങിനെ മറ്റു തവളകളും രാജകുമാരിയുടെ മുറിയില്‍ തലയില്‍ മുണ്ടിട്ടുകൊണ്ടെങ്കിലും ഒളിഞ്ഞു നോക്കും..

ക്ലാ ക്ലാ ക്ലീ ക്ലീ..അതാ മുറ്റത്തൊരു മൈന..ഗുപ്തന്‍ തിരിഞ്ഞുനോക്കി..

സജി said...

ആകെ കണ്ഫൂ‍ഷന്‍...
ഇനി ഇങ്ങനെയങ്ങാനും എഴുതിയാല്‍..ഒരൊറ്റ ‘പെട‘ ഗോഗി വച്ചു തരും ഞാന്‍..ങാ...

കാന്താരിക്കുട്ടി said...

ഹ ഹ ഹ ആക്ഷേപ ഹാസ്യം കൊള്ളാം നല്ല കഥ

അനൂപ്‌ കോതനല്ലൂര്‍ said...

തവളെ വാം ഞാനൊരു ഉമ്മ തരാം
രസികന്‍ എഴുത്ത് മാഷെ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹോ, ഇതെന്തൊരു പെടപ്പ്

പാമരന്‍ said...

:)

ഹരിത് said...

കിണറ്റിലെ തവളകളെ മാത്രം വിട്ടുകള‍ഞ്ഞതു ശരിയായില്ല. അടുത്ത ക്ലസ്റ്റര്‍ മീറ്റിങിനു വാ! അപ്പൊ കാണിച്ചു തരാം!
:)

ഹാരിസ് said...

:)

നന്ദ said...

ഹഹഹ! എനിക്ക് വയ്യ!

പൊറാടത്ത് said...

ഗുപ്തരേ.. കൊള്ളാം

smitha adharsh said...

ഈശ്വര...തവള കഥയുടെ ഒരു പുരോഗമനം..!!!
അല്ലെങ്കിലും,ഈ പെണ്ണുങ്ങള്‍ ഫൂള്‍സ് ആണ് അല്ലെ?

സാംഷ്യ റോഷ്|samshya roge said...

യാ ഹുദാ ...

കൊള്ളാം...

എന്തായാലും അടുത്ത കൊല്ലം മുതല്‍ വിവിധ തരം തവളകളെ കുറിച്ചും ഏതൊക്കെ തവളകളെ ചുംബിക്കാം ,എന്നതിനെ കുറിച്ചും ഒരു എട്ടാം പാഠം കൂടി ഉള്പ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ ഈ അവസരം ഉപയോഗിക്കട്ടെ... :)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

തവളകളുടെ `സാമൂഹ്യ പാഠ'ത്തിലേക്ക്‌ ഇങ്ങിനേയും തലയിടാം അല്ലേ?
(രണ്ടാം പാതിയില്‍ `ഒഴുക്കിനു'ഭംഗം വന്നോ?) എന്തായാലും നന്നായിരിക്കുന്നു.

രിയാസ് അഹമദ് / riyaz ahamed said...

പത്മരാജന്റെ 'പ്രതിമയും രാജകുമാരിയും' ഓര്‍മ്മിപ്പിച്ചു തലവാചകം.

Journey to Home.... said...

hmmm... rajakumariyekkal tavala assalayi...... vivaram vechullo..

ഭൂമിപുത്രി said...

മോതിരം മുത്തുമ്പോള്
രാജകുമാരനെപ്പോലൊരാള്‍
മുന്‍പിലെത്തുന്ന കഥയുടെ
(അതെ പത്മരാജന്‍ തന്നെ)
caricature മാതിരിയുണ്ട്

ഗുപ്തന്‍ said...

യ്യൊ.. ഇതിന്റെ ഒറിജിനല്‍ ഒരു ലോകപ്രശസ്ത നാടോടിക്കഥയാണ്. അതെല്ലാവര്‍ക്കും അറിയും എന്നുവിചാരിച്ചാണ് സൂചിപ്പിക്കാതിരുന്നത്. കഥയുടെ വിവിധരൂപങ്ങളെക്കുറിച്ചുള്ള വിക്കി ലേഖനം ഇവിടെ : http://en.wikipedia.org/wiki/The_Frog_Prince_(story)

suraj::സൂരജ് said...

പേ ക്രോം..! പേക്രോം...!

(ക്ലാ ക്ലാ ക്ലൂ ക്ലൂ ഇപ്പൊ ഔട്ട് ഒഫ് ഫാഷനായി:)

എതിരന്‍ കതിരവന്‍ said...

ഗിരീഷ് കര്‍ണാഡ്-രാമാനുജം ടീമിന്റെ “നാഗമണ്ഡല’ നാടകം എതാണ്ട് ഇതേ പ്രമേയം. സിനിമയാക്കിയിട്ടുമുണ്ട്. (അനന്ത് നാഗ്) ഭര്ത്താവ് അവഗണിക്കുന്ന സ്ത്രീയുടെ അടുത്ത് രാത്രിയില്‍ ഒരു പാമ്പ് ഭര്‍ത്താവിന്റെ രൂപത്തില്‍ വരുന്നു. ദാമ്പത്യം, രതി, വിശ്വാസം, സ്നേഹം ഇവയൊക്കെ ഒന്നാന്തരമായി അപഗ്രഥിക്കുന്ന നാടകം.
ഇതിനെ വികൃതമാക്കി അമോല്‍ പലേക്കര്‍ സിനിമയുണ്ടാക്കി (പഹേലി-റാണി മുഖര്‍ജി, ഷാരൂഖ് ഖാന്‍....)

പപ്പൂസ് said...

തവളയെന്നാല്‍ കരാറെന്നും കുളമെന്നാല്‍ അമേരിക്കയെന്നും രാജകുമാരിയെന്നാല്‍ ഇന്ത്യയെന്നു(അതങ്ങനെത്തന്നല്ലേ ;-)മൊക്കെ തോന്നുന്ന അസുഖത്തെ എന്തു പേരു വിളിക്കണം സര്‍? ;-) ആം ഐ എ കമ്യൂണിസ്റ്റ്? ഹേയ്...
:))

Kunjipenne - കുഞ്ഞിപെണ്ണ് said...

വിവിധ വശങ്ങളില്‍ തവളയും രാജകുമാരിയും പിന്നെ വലിയ വിലപേശലിന് നഗ്ന ചിത്രം കൂടി എടുത്തിട്ടുണ്‍ടാകും തവള................