സ്ത്രീപുരുഷ പാരസ്പര്യത്തില്‍ പ്രണയം- കാമം - അധികാരം എന്നിവ എങ്ങനെ സംവേദനവിധേയമാകുന്നു എന്നത് കുറേനാള്‍ എന്റെ പഠനവിഷയമായിരുന്നു. ഇവയെ സംബന്ധിക്കുന്ന ചില കഥകളും കുറിപ്പുകളുമാണ് ഈ ബ്ലോഗില്‍. ഇത് എന്റെ ആക്റ്റീവ് ബ്ലോഗ് അല്ല. രചനകള്‍ മഴനിലാവ്, ഗുപ്തം, ഇദെന്താ എന്നീ ബ്ലോഗുകളില്‍ മുന്‍പ് പ്രസിദ്ധീകരിച്ചവയാണ്.
thanks for title backgroun pic

Saturday, 7 March 2009

ഗാന്ധര്‍വം


§1. കടവ്

ചോഴിക്കാട്ടൂരിലെ ഇടവഴികള്‍ ചുറ്റി കുഞ്ഞുകാറ്റുകള്‍ മലയിറങ്ങിവന്ന് കുളിച്ചുപോകുന്നിടമാണ് കടവ്. നീറ്റിലഞ്ഞിയുടെ കൂറ്റന്‍ വേരുകളില്‍ ഒരു മണ്‍‌തിട്ട കുരുങ്ങി നിന്ന് അവിടെയൊരു മറപ്പുരതീര്‍ത്തിരിക്കുന്നു. മറയ്ക്കപ്പുറം നാട്ടു പെണ്ണുങ്ങള്‍ കുളിക്കുന്നുണ്ടാവും. കാറ്റ് അവരുടെ നനഞ്ഞ വസ്ത്രങ്ങളില്‍ ക്ഷേത്രശില്പങ്ങള്‍ കൊത്തുന്നുണ്ടാവും. കടത്തുകാരന്‍ കുമാരന്‍ ശബ്ദമുണ്ടാക്കാതെ തുഴഞ്ഞു.

കുമാരന്‍ ഉപാസകനാണ്. നോട്ടം കൊണ്ട് പൂജ. കളിവാക്കുകൊണ്ട് കീര്‍ത്തനം.

‘ന്റ പാപ്പാത്തീടെ പിന്നാമ്പുറം നോക്കീട്ട്ണ്ടോടാ കുമാരാ...’ നാണുനായര്‍ തലേ ദിവസം ഷാപ്പില്‍ നിന്ന് തിരികെ നടക്കുമ്പോള്‍ ചോദിച്ചിരുന്നു. ബാക്കി പറഞ്ഞത് വാത്സ്യായന സൂത്രമാണ്. ലഹരി കയറിയാല്‍ വാക്ക് കൊണ്ട് ഭാര്യയെ കൂട്ടുകാന്റെ മുന്നില്‍ വിവസ്ത്രയാക്കുന്നതിലെ ഊറ്റം. ആണിന്റെ അഹങ്കാരം.

പാപ്പാത്യമ്മ കുളിക്കാന്‍ വരാറുള്ള നേരമാണ്. ഒന്നു തറച്ചു നോക്കിയാല്‍ ഒരു മുള്ളുവാക്ക്. മറിച്ച് വാക്കുവച്ചൊന്നു കിള്ളിയാല്‍ മുഴുത്തമാറിലെ വസ്ത്രമൊന്നു മുറുക്കെക്കെട്ടി വെള്ളത്തില്‍ താണിരുന്നു വെളുക്കെയൊരു ചിരി.

അതാണ് കുമാരന്റെ അതിര്. ഇന്നലെ നാണുനായര്‍ തുറന്നിട്ട വാക്കിന്റെ വഴിക്കും പരിധിയുണ്ട്. കളിതെറ്റിയാല്‍ നാണുനായര്‍ പിശ്ശാത്തിയൂരും.

സൌമ്യമായ വേലികളുടെ ഭൂമിശാസ്ത്രമാണ് ചോഴിക്കാട്ടൂരിന്. വേലിയരികിലെ നിഴലുകളിലൂടെ പതുങ്ങി നടക്കാം. വേലിക്കപ്പുറം പരിചയങ്ങളുണ്ടെങ്കില്‍ തലകാട്ടി ചിരിക്കുകയും ആവാം. അതിരുകള്‍ കടന്നുകയറാന്‍ സൂക്ഷിക്കണമെന്നേയുള്ളൂ.

നീറ്റിലഞ്ഞിച്ചോട്ടില്‍ ആരോ ഉണ്ട്. പക്ഷെ പെണ്ണുങ്ങളല്ല. കലപിലയില്ല. തുണിതല്ലുന്ന താളമില്ല. വള്ളം വന്നുകയറിയപ്പോള്‍ ഇലഞ്ഞിപ്പൂനിറം ഓളങ്ങളില്‍ ഇളകിയൊടിഞ്ഞ് പരന്നു.

കടവില്‍ അലക്കുകല്ലുകള്‍ ഒഴിഞ്ഞുകിടന്നു. അരികില്‍ മുട്ടൊപ്പം വെള്ളത്തില്‍ ഒറ്റമുണ്ട് ഒതുക്കികുത്തി വെള്ളത്തിലേക്ക് നന്നേ കുനിഞ്ഞു നിന്നൊരാള്‍ മുഖം കഴുകി നിവര്‍ന്നു. കഴുത്തറ്റം താണുകിടക്കുന്ന സമൃദ്ധമായ മുടി. വെട്ടിനിറുത്തിയ കറുത്തതാടിക്കു മീതേ വെളുത്തമുഖത്ത് ജലച്ചാര്‍ത്തില്‍ വെയിലിന്റെ തിളക്കം.

മുടിയൊന്നു മാടിയൊതുക്കി അയാള്‍ വായില്‍ നിറഞ്ഞ വെള്ളം പുഴയിലേക്ക് നീട്ടിത്തുപ്പി. ജലവില്ല്. അത് ചിതറുന്നിടത്ത് വെയിലില്‍ മഴവില്ല്.

പരിചയമില്ലാത്ത മുഖം. കുമാരന്‍ പരിസരമൊക്കെ ഒന്നളന്നു. കരയില്‍ പുല്പുറത്ത് ഒരു തുകല്‍ ബാഗ്. ഊരിയിട്ട ഷര്‍ട്ടും വള്ളിച്ചെരുപ്പും.

എന്തുമിണ്ടണം എന്നറിയാതെ നോക്കിയ കുമാരനു നേരേ നിറഞ്ഞ പ്രസാദത്തോടെ അയാള്‍ ചിരിച്ചു. അതിലൊരു പെണ്‍ചിരി ഒളിഞ്ഞിരുപ്പുണ്ടെന്ന് കുമാരന് തോന്നി.

ഉണങ്ങിയെന്ന് തോന്നുവോളം വരണ്ട ചില്ലകളില്‍ നിറയെ പൂവുമായി നീറ്റിലഞ്ഞി നിന്നു വിറച്ചു.


§ 2. കവല

ചോഴിക്കാട്ടൂരിലെ നാട്ടുവഴികളില്‍ വെയില്‍ താണാല്‍ പിന്നെ ഇരുളാണ്. നേര്‍ത്ത ഇരുളിലൂടെ ഗോപാലന്‍ മാസ്റ്റര്‍ കവലയിലേക്ക് നടന്നു. എതിരെ രോഹിണി തിടുക്കത്തില്‍ നടന്നു വരുന്നു. അമ്പലത്തില്‍ നിന്നുള്ള വരവാണ്.

മാസ്റ്റര്‍ക്കെന്തോ വല്ലായ്മ തോന്നി.

‘എങ്ങോട്ടാ സാറേ?’ പ്രസാദത്തിന്റെ നേര്‍ത്ത ഗന്ധം.
‘മുക്ക് വരെ..’ ഒഴുക്കന്‍ മട്ടില്‍ മറുപടി പറഞ്ഞ് മാസ്റ്റര്‍ വേഗത്തില്‍ നടന്നു. സന്ധ്യക്ക് കവല വരെ അല്ലാതെ എവിടെ പോകാന്‍?

സന്ധ്യയ്ക്കെന്നില്ല. ചോഴിക്കാട്ടുരുകാരന്റെ യാത്രകള്‍ കവലയില്‍ അവസാനിക്കുന്നു. നഗരത്തില്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ കവല വരെയെത്തി തന്റെ ഒരു പ്രതിരൂപത്തെ വണ്ടികയറ്റി നഗരത്തിലേക്ക് യാത്രയാക്കുന്നു. എന്നിട്ട് വണ്ടി തിരികെ വരുംവരെ കാത്തുനില്‍ക്കുന്നു.

കുഞ്ഞച്ചന്റെ ചായക്കടയില്‍ ഇരുന്ന് ഉച്ചവെയിലില്‍ പഞ്ചായത്ത് റോഡിലേക്ക് നോക്കിയാല്‍ രാവിലെ വണ്ടികയറിപ്പോയ ചോഴിക്കാട്ടൂരുകാര്‍ തിരികെവരുന്ന തങ്ങളെത്തന്നെ കാത്തുനില്‍ക്കുന്നത് കാണാം.

കുഞ്ഞച്ചന്‍. എച്ചിക്കുഞ്ഞച്ചന്‍. ചെറ്റ. വഴിയേവന്ന പരദേശിയെപ്പിടിച്ച് കവലയില്‍ തന്നെ കുടിവച്ചിരിക്കുന്നു. ചായക്കടക്ക് മുകളിലെ ഒറ്റമുറി വാടകയ്ക്ക്. രണ്ടു നേരം ഭക്ഷണവും ചേര്‍ത്ത് അഡ്വാന്‍സും വാങ്ങിയത്രേ. കാശുകിട്ടിയാലവന്‍ കെട്ട്യോളെയും കൂട്ടിക്കൊടുക്കും.

താനെന്തിനാണിങ്ങനെ അരിശപ്പെടുന്നതെന്ന് മാസ്റ്റര്‍ വിഷമിച്ചു. പത്തുപന്ത്രണ്ട് ദിവസം മുന്‍പ് കടവില്‍ നിന്ന് ഒരു ബാഗും തൂക്കി നടന്നുകയറി വന്ന പരദേശിക്ക് മുറികൊടുത്തത് അപരാധമാവുന്നതെങ്ങനെ?

ചിത്രകാരനാണയാള്‍. അമ്പരപ്പിക്കുന്ന വേഗം. കാവും വയലും കുന്നും പുഴയുമൊക്കെ ജീവന്‍ വച്ചുവരാന്‍ കണ്ണിമയ്ക്കുന്ന നേരമേ വേണ്ടൂ.

വന്നതിന്റെ മൂന്നാം നാളാണ്. പതിവില്ലാതെ അമ്പലത്തിലേക്ക് പോകാനിറങ്ങിയ രോഹിണിയെ അയാള്‍ കണ്ണിമയ്ക്കാതെ നോക്കിയിരുന്നൂത്രേ. പത്തുമിനിറ്റ് കഴിഞ്ഞില്ല. അമ്പലത്തില്‍ നിന്ന് തിരികെവരുമ്പോള്‍ പീടികത്തിണ്ണയില്‍ ചാരിവച്ച കട്ടി കാര്‍ഡ്ബോഡിലെ പേപ്പറില്‍ രോഹിണി സ്വന്തം മുഖം പ്രസദഭാവത്തില്‍ കണ്ടു. ദേവീരൂപം.

പടം വരയ്ക്കാത്തപ്പോള്‍ ഓടക്കുഴല്‍ ചുണ്ടിലുണ്ടാവും. മാന്ത്രികം. സ്കൂളില്‍ നിന്നുമടങ്ങും വഴി ഒരു വൈകുന്നേരമാണ് മാസ്റ്റര്‍ അയാളെ ആദ്യം കണ്ടത്. അടഞ്ഞുകിടക്കുന്ന പഴയ പീടികയുടെ തിണ്ണയില്‍. ചുണ്ടില്‍ ഓടക്കുഴല്‍ . എച്ചിക്കുഞ്ഞച്ചന്റെ ചായക്കടയുടെ തിണ്ണയില്‍ രാഷ്ട്രീയചര്‍ച്ചയില്ല. ഹൈസ്കൂള്‍ വിട്ടുവന്ന പെണ്‍കുട്ടികള്‍ നടന്നു പോയിട്ടും വഴിയരികിലെ ഒരു നാവില്‍ നിന്നും അവരുടെ സ്വകാര്യ അളവുകളെക്കുറിച്ച് അഭിപ്രായം വീണില്ല. വെയില്‍ തണുത്തുതുടങ്ങിയിട്ടും ആരും ഷാപ്പില്‍ പോയിട്ടില്ല.

അലസമായ നോട്ടവും താളം പകര്‍ന്ന ശിരസുകളുമായി ചോഴിക്കാട്ടൂരെ പുരുഷന്മാര്‍ കവലയില്‍ അവിടവിടെ പതറി നിന്നു. സ്തീകള്‍ നാണത്തില്‍ ഇടക്കണ്ണിട്ട് നോക്കി തിരക്കിട്ടു നടന്നുപോയി. മറവുള്ളിടത്ത് ഒളിഞ്ഞുനിന്ന് ചെവിവട്ടം പിടിച്ചു.

വര. സംഗീതം. ഗന്ധര്‍വന്‍ എന്ന പേര് നാട്ടില്‍ പരക്കാന്‍ മൂന്നേ മൂന്നുദിനമേ വേണ്ടിവന്നുള്ളൂ.

അധ്വാനത്തിന്റെ വേര്‍പ്പിലും ചൂരിലും അഹങ്കരിച്ചിരുന്ന ചോഴിക്കാട്ടൂരെ പുരുഷന്മാര്‍ അയാളുടെ ഉടലിലും ഉപജീവനത്തിലും ആണ്‍‌വഴികള്‍ നിഷേധിക്കപ്പെടുന്നതുകണ്ട് പകച്ചു. പിന്നെ പരിഹാസം കൊണ്ട് അത് മറയ്ക്കാന്‍ ശ്രമിച്ചു.

നാലാം ദിവസം വൈകിട്ട് മൂന്നര മണിക്ക് വയലില്‍ നിന്ന് കവലയിലേക്ക് കയറുന്ന വഴിയില്‍ വച്ച് തെക്കേമുറിയിലെ സോമപാലന്‍ അവന്റെ ഭാര്യ ഭാമയുടെ കവിളത്തൊന്നു പൊട്ടിച്ചു. ‘എന്നാല്‍ നീ അവനെ വിളിച്ചു കൂടെ പൊറുപ്പിച്ചോടീ..’

ഒരുചെവി ഇരുചെവി പകര്‍ന്ന് നാടുമുഴുവന്‍ അറിഞ്ഞു. ചോഴിക്കാട്ടൂരെ വേലികളുടെ പതിഞ്ഞ ഇരുളില്‍ നായ്ക്കള്‍ മുറുമുറുപ്പോടെ ജാഗരൂകരായി.

വഴിയരികില്‍, നടകളില്‍, കടവില്‍ , അടുക്കളച്ചായ്പില്‍ പെണ്ണുങ്ങള്‍ ഗന്ധര്‍വനെപ്പറ്റി അടക്കത്തില്‍ വിശേഷം പറഞ്ഞു. ജോലിക്കിടയില്‍, നടപ്പില്‍, മുങ്ങിനിവരുന്നതിനിടയില്‍, കുലുക്കൊഴിഞ്ഞുതുപ്പി കൈ തുടയ്ക്കുന്നതിനിടെയൊക്കെ പുരുഷന്മാര്‍ അടക്കിയ ചിരിക്കും കൊച്ചുവര്‍ത്തമാനത്തിനും കാതോര്‍ത്തു.

വിവാഹത്തിന്റെ നാലാം ദിവസം ഭര്‍ത്താവ് മരിച്ചതു മുതല്‍ നിവൃത്തിയുണ്ടെങ്കില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത രോഹിണി ഇപ്പോള്‍ ദിവസവും പൂചൂടി അമ്പലത്തില്‍ പോകുന്നു. നാട്ടുകാര്‍ അടക്കം പറഞ്ഞുതുടങ്ങിയിരിക്കുന്നു.

രണ്ടുദിവസം മുന്‍പാണ്. തോട്ടത്തിലെ ജോയി ഒരു സഞ്ചി നിറയെ സാധനങ്ങള്‍ വാങ്ങി കുന്നുകയറി പ്രയാസപ്പെട്ട് വരുന്നു.

‘ആലീസിന് സുഖമില്ലേ ജോയീ?’ മാസ്റ്റര്‍ ചോദിച്ചു.
‘ഓ കൊഴപ്പമൊന്നുമില്ല സാറേ..’ ജോയിപറഞ്ഞു.
‘പിന്നെന്താ പതിവില്ലാതെ സാധനം വാങ്ങിക്കാന്‍...?’
ജോയി പറങ്കിമാവിന്റെ കൊമ്പില്‍ കലപില വയ്ക്കുന്ന കാക്കകളെ ആദ്യം കാണുന്നതുപോലെ നോക്കി. ‘അതിപ്പം നമ്മക്ക്ചെയ്യാവുന്നതല്ലേ ഉള്ളൂ..’

ഇടവഴികളില്‍ സഞ്ചിയും കവറും തൂക്കിയ പുരുഷന്മാരുടെ എണ്ണം കൂടി. കടവിലും കാവിലും കവലയിലും ആങ്ങളമാരുടെയും ഭര്‍ത്താക്കന്മാരുടെയും അച്ഛന്മാരുടെയും നിഴലുകള്‍ നീണ്ടുവന്നു.

നാട്ടിലെന്ത് നടക്കുന്നു എന്നറിയാതെ ‘ഗന്ധര്‍വന്‍' വരച്ചു. ഓടക്കുഴല്‍ വായിച്ചു. നാട്ടുപെണ്ണുങ്ങളുടെ മുഖമുള്ള ദേവിമാരും അപ്സരസുമാരും ചോഴിക്കാട്ടുകാരെനോക്കി ചിരിച്ചു. അച്ഛന്മാരും ഭര്‍ത്താക്കന്മാരും ആങ്ങളമാരും അതുവരെ തിരിച്ചറിയാത്ത സ്ത്രീഭാവങ്ങള്‍ പുരുഷന്മാരെ അലോസരപ്പെടുത്തി.

പകല്‍ മുഴുവന്‍ അയാള്‍ ഒഴിഞ്ഞുകിടന്ന പീടികത്തിണ്ണയില്‍ തന്നെ കഴിച്ചു. വര. സംഗീതം. പിന്നെ വെയിലേറുമ്പോള്‍ ഒരു തോര്‍ത്ത് നിലത്തുവിരിച്ച് ഉറക്കം.

അയാളെ ഇറക്കിവിടാന്‍ എച്ചിക്കുഞ്ഞച്ചനോട് പറഞ്ഞു നോക്കി ആരൊക്കെയോ. അഡ്വാന്‍സ് വാങ്ങി ചിലവാക്കിപ്പോയ പണം കൊണ്ടുക്കൊടുക്കാന്‍ പറഞ്ഞു കുഞ്ഞച്ചന്‍ .

വയലിറമ്പെത്തിയിരിക്കുന്നു. വയല്‍മുറിച്ചുകടന്നാല്‍ കവലയിലേക്ക് കയറാനുള്ള പടവുകളായി. ആരോ എതിരെ വരമ്പിലൂടെ വരുന്നുണ്ട്.

‘ആകെ കുഴഞ്ഞല്ലോ സാറേ.. ആ ഗന്ധര്‍വനെക്കൊണ്ട് വയ്യാതായി’ യൂപീ സ്കൂളിലെ ബാലചന്ദ്രനാണ്.
‘എന്താ ബാലാ എന്തുപറ്റി’

ഉച്ചബെല്ലിനു മുന്‍പ് ഏഴുസീയില്‍ നിന്ന് ക്ലാസ്സിനിടെ ഓഫീസിലെന്തിനോ പോയിവന്നു ബാലചന്ദ്രന്‍ . പിന്‍ബഞ്ചില്‍ കുശുകുശുപ്പ്. ഇക്കിളിച്ചിരി. ചോദ്യം ചെയ്തപ്പോള്‍ 'ഗന്ധര്‍വനെ'ക്കുറിച്ചായിരുന്നു സംഭാഷണം എന്നു മനസ്സിലായി. എന്തെന്ന് വെളിപ്പെടുന്നില്ല.

ഹെഡ്മിസ്ട്രസിന്റെ അടുത്തയക്കുമെന്നായപ്പോള്‍ രഹസ്യം പുറത്തായി. മണിക്കുട്ടന്‍ , രണ്ടുവര്‍ഷം തോറ്റ കുഴപ്പങ്ങളുടെ കുട്ടിക്കാരണവര്‍ , 'ഗന്ധര്‍വന്റെ ചുക്കാമണിയുടെ’ അസാധാ‍രണമായ വലിപ്പം കൈകൊണ്ട് അളന്നു കാണിച്ചൂത്രേ.. പീടികത്തിണ്ണയിലെ ഉച്ചമയക്കത്തിനിടെ വെളിപ്പെട്ട വലിപ്പം.

ഹെഡ്മിസ്ട്രസിന്റെ അടുത്തുവിടാതെ ചുട്ടതല്ലില്‍ പ്രശ്നം തീര്‍ത്തു ബാലചന്ദ്രന്‍ . പക്ഷെ കുട്ടികള്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തു ചെയ്യാനാണ് ?

ആളൊഴിഞ്ഞ വരമ്പിലൂടെ മാസ്റ്റര്‍ ചിന്താധീനനായി നടന്നു. അയാളെക്കണ്ട് ഒന്നു സംസാരിക്കണം. എന്താണ് ഉദ്ദേശ്യമെന്ന് ചോദിക്കണം. ജോലി തീര്‍ത്ത് വേഗം തിരികെപ്പോകാന്‍ പറയണം.

പീടികത്തിണ്ണയില്‍ വഴിവിളക്കിന്റെ അരണ്ടവെളിച്ചം. ഭിത്തി ചാരി വെറുതെ ഇരിക്കുകയാണയാള്‍. സംഗീതമില്ല. മാസ്റ്റര്‍ അടുത്തുചെന്നപ്പോള്‍ അയാള്‍ എഴുന്നേറ്റ് വഴിയിലേക്കിറങ്ങി.

അയാളെ തൊട്ടുവരുന്ന കാറ്റില്‍ സുഗന്ധതൈലത്തിന്റെ മണം. പിന്നില്‍ ഉയരത്തില്‍ കാറ്റില്‍ ഉലഞ്ഞുതെന്നുന്ന മരച്ചില്ലകളിക്കിടയില്‍ മുഖം കാട്ടുന്ന ചന്ദ്രബിംബം. താനൊരു കുട്ടിയെപ്പോലെ ചെറുതായി വലിയ ഉയരമുള്ള ഒരാളുടെ മുന്നില്‍ നില്‍ക്കുകയാണെന്ന് മാസ്റ്റര്‍ക്ക് തോന്നി.

എന്തേയെന്ന് ചോദിക്കുന്നതുപോലെ അയാള്‍ മന്ദഹസിച്ചു. ഒന്നും പറയാതെ മാസ്റ്റര്‍ തിരികെ നടന്നു. കവലയിലേക്ക് വന്നതെന്തിനെന്ന് മാസ്റ്റര്‍ മറന്നുപോയിരുന്നു.

ഗോപാലന്‍ മാസ്റ്റര്‍ വീട്ടുമുറ്റത്തേക്ക് പടികയറുമ്പോള്‍ അര്‍ദ്ധചന്ദ്രന്‍ മരങ്ങളുടെ മറവില്‍ നിന്നുയര്‍ന്ന് തെളിഞ്ഞു. കാറ്റില്‍ സാധാരണമല്ലാത്ത ഒരു ഗന്ധം.

ആറിനക്കരെ കാവില്‍ ഏറെ നാളായി പൂവിടാതിരുന്ന വയസിപ്പാല വീണ്ടും പൂത്തിരിക്കുന്നു.


§3. ഇടവഴികള്‍

നാണുനായരും വേണുവും കൂടി ഷാപ്പില്‍ നിന്ന് അന്നു നേരത്തേയിറങ്ങി. എന്നിട്ടും നാട്ടുവഴികളില്‍ ആളനക്കം കുറവ്. ആണുങ്ങള്‍ നേരത്തേ വീടണയുന്നു. വീടുകളില്‍ പുറത്തെ വെളിച്ചം അണച്ചിരിക്കുന്നു.

സന്ധ്യമയങ്ങിയാല്‍ നാട്ടുവഴിയിലെ കാറ്റിന് ഇപ്പോള്‍ പാലപ്പൂവിന്റെ മണമാണ്. വയസ്സിപ്പാലയുടെ ചോട്ടില്‍ പണ്ടു കുടിയിരുത്തിയ യക്ഷി ഉണര്‍ന്നു എന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞു.

‘ആ തേവിടിശ്ശിയാ പിള്ളേച്ചാ കാരണം. അവളവിടെ വീണ്ടും വിളക്ക് വച്ചു തുടങ്ങീന്ന്..’ വേണു പറഞ്ഞു. രോഹിണിയെക്കുറിച്ചാണ്. കാവിനു പിന്നില്‍ അല്പം മാറിയാണ് അവളുടെ വീട്. അമ്പലത്തില്‍ പതിവായി പോകാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കാവിലും തിരിതെളിച്ചുതുടങ്ങി.

‘നിയ്യത് വിട് വേണു. അവിടെ പണ്ടും പലരും തിരിവച്ചിട്ടൊണ്ട്. ഒക്കേം ഓരോ നിമിത്തമാണ്.’

അതെ നിമിത്തമാണ്. പക്ഷെ പല നിമിത്തങ്ങള്‍ ഒത്തുചേര്‍ന്നാലോ?

കടത്തുകാരന്‍ കുമാരന്റെ അനുഭവങ്ങളെക്കുറിച്ചാണ് നാണുനായര്‍ ഓര്‍ത്തത്. വള്ളം കെട്ടിയിട്ട് വള്ളക്കടവിലെ പഴഞ്ചന്‍ കുടിലില്‍ കിടന്നുറങ്ങാറുണ്ട് കുമാരന്‍. പാതിരാവടുക്കുമ്പോള്‍ ഇലഞ്ഞിമരത്തിനു താഴെയുള്ള കടവില്‍ നീന്താനെത്താറുണ്ടത്രേ ആ പരദേശി‍. ചിലപ്പോള്‍ പുഴയുടെ പകുതിവരെ. ചിലപ്പോള്‍ കാവിലെ വന്മരങ്ങളുടെ നിഴല്‍ വീണുകിടക്കുന്ന മറുകര വരെ. അയാളെത്തുമ്പോള്‍ നദിക്ക് ജീവന്‍ വയ്കം.

‘അവന്‍ സത്യം ചെയ്തെടാ വേണൂ. കഴിഞ്ഞ ഞായറാഴ്ച അയാള്‍ നീന്തിച്ചെന്ന നേരത്ത് കാവിനുള്ളില്‍ ഒരു വെളിച്ചം മിന്നീന്ന്. അവനാണേല്‍ പേടിച്ചോടി എന്റെ വീട്ടില്‍ വന്നുകിടന്നുറങ്ങി’

‘അതവളായിരിക്കും. ആ രോഹിണി. വെളക്കും കൊളുത്തിവന്നതാ അവള്‍ടെ മറ്റവനെ കാണാന്‍ ‘ വേണു അരിശപ്പെട്ടു. വേണുവിന് രോഹിണിയെ നോട്ടമുണ്ടായിരുന്നു എന്നാണ് നാട്ടിലെ പഴങ്കഥ.

‘ഓ അതൊന്നുമല്ലെടാ.. ആ കൊച്ചിന് അത്രക്ക് ധൈര്യമൊന്നും കാണത്തില്ല. അവന്‍ വെള്ളമടിച്ച് കിടന്നോണ്ട് തോന്ന്യതാവും..’

ഈ സംഭവം കഴിഞ്ഞ ദിവസം വൈകിട്ട് ഷാപ്പില്‍ നിന്ന് പോകുന്നവഴിക്കാണ് കുമാരനുമായി വഴക്കിട്ടതെന്ന് നാണുനായര്‍ പറഞ്ഞില്ല.

ലഹരികലര്‍ത്തി നാട്ടുവിശേഷം പറയുന്ന കൂട്ടത്തിലാണ് കുമാരന്‍ ചോദിച്ചത്: അല്ല കൊച്ചാട്ടാ.. പാപ്പാത്യവരെ കടവിലൊന്നും കാണുന്നില്ലല്ലോ...

ഭാര്യയെക്കുറിച്ച് മുന്‍പ് കുമാരനോട് പങ്കുവച്ച ഇക്കിളിയൊക്കെ നാണുനായര്‍ മറന്നു. നിനക്കെന്താടാ എന്റെ ഭാര്യ കുളിക്കുന്നത് കാണാഞ്ഞിട്ട്... പിന്നെപ്പറഞ്ഞത് കല്ലുവച്ച തെറിയാണ്. അങ്ങനെ ഒന്നുപറഞ്ഞ് രണ്ടുപറഞ്ഞ് കലഹമായി.

പക്ഷെ അത് നാണുനായരുടെയും പാപ്പാത്യമ്മയുടെയും കുമാരന്റെയും കഥ മാത്രമായിരുന്നില്ല. ചോഴിക്കാട്ടൂരെങ്ങും കൂട്ടുകാരനും കൂട്ടുകാരനും തമ്മില്‍ ജ്യേഷ്ഠനും അനുജനും തമ്മില്‍ അമ്മാവന്മാരും അനന്തരവന്മാരും തമ്മിലൊക്കെ തങ്ങളുടെ സംരക്ഷണയിലുള്ള സ്ത്രീകളെപ്രതി കലഹിച്ചു.

സ്കൂളിലേക്കുള്ള വഴിയില്‍ ആദ്യമായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും വേര്‍തിരിഞ്ഞ കൂട്ടങ്ങളായി നടന്നുതുടങ്ങി. അയലത്തെ കൂട്ടുകാരനോട് സൈക്കിളിന്റെ പിന്നില്‍ കയറ്റാന്‍ ചോദിച്ചതിന് പെണ്‍കുട്ടികളെ അച്ഛന്മാരും അമ്മാവന്മാരും ശകാരിച്ചു.

കവലയിലേക്ക് സ്ത്രീകള്‍ തനിയേ പോകുന്നത് നന്നേ കുറഞ്ഞു. കുമ്പളക്കാട്ടെ മിനിയുടെ ബ്ലൌസിന്റെ അളവിനെക്കുറിച്ച് തമാശായെന്തോ പറഞ്ഞതിന് മിനിയുടെ ആങ്ങളമാര്‍ സുനിലിനെ വഴിയിലിട്ടു തല്ലി.

പെണ്ണുങ്ങള്‍ ആറ്റില്‍ കുളിക്കാന്‍ പോകുന്നത് നിര്‍ത്തി. പലവീടുകളിലും അതുവരെ ഇല്ലാതിരുന്ന മറപ്പുരകള്‍ ഉയര്‍ന്നു.

അമ്പലത്തില്‍ പോകാന്‍ പോലും സ്ത്രീകള്‍ തനിയെ വീടുവിട്ടിറങ്ങുന്നത് പുരുഷന്മാര്‍ വിലക്കി. രോഹിണി മാത്രം കഥയൊന്നുമറിയാത്തതു പോലെ പഴയതിലും സ്വതന്ത്രയായി നടന്നു.

പതിവില്ലാത്തവിധത്തില്‍ നാട്ടില്‍ ഉണ്ടായി വന്ന കലഹങ്ങളെക്കാള്‍ നാണുനായരുടെ മനസ്സ് കുടുങ്ങി നിന്നത് മറ്റൊരു വിഷയത്തിലാണ്.

‘വേണ്വേ ..ചോദിക്കുന്നതുകൊണ്ടൊന്നും തോന്നരുത്. നിന്റെ പെണ്ണിന്റെ പെരുമാറ്റത്തില്‍ എന്തേലും വ്യത്യാസം കാണുന്നുണ്ടോടാ..’

പാലപ്പൂവിന്റെ മണത്തെക്കാള്‍ വേണുവിനെ അസ്വസ്ഥനാക്കിയിരുന്നതും അതാണ്. രാത്രിയില്‍ കാറ്റില്‍ സുഗന്ധമേറുന്നതോടെ ഭാര്യ ഉറക്കമുണര്‍ന്നു കിടക്കുന്നു.

നാണുനായര്‍ അന്നുവൈകിട്ട് വൈദ്യരെ പോയിക്കണ്ടിരുന്നു. പണ്ടത്തേതുപോലെ ശരീരം വേണ്ടത്ര ഉണരുന്നില്ല. കഷായചികിത്സ വേണം. ഭാര്യ തന്നില്‍ നിന്ന് തനിക്ക് ആകാവുന്നതിലധികം പ്രതീക്ഷിക്കുന്നു എന്ന സംശയം നാണുനായര്‍ പറഞ്ഞില്ല.

വൈദ്യന്‍ സര്‍വമറിയുന്നവന്റെ ചിരി ചിരിച്ചു. ‘കഷായ ചികിത്സക്ക് ആ‍ളുകൂടിവരുവാണല്ലോ നാണ്വേ.. പാപ്പാത്യോടൊരു രണ്ടുദിവസം സ്വൈര്യം തരാന്‍ പറ. ഇവിടെ മരുന്നു തീര്‍ന്നു’

ഗ്രാമത്തിലെങ്ങും പൂമണമുള്ള കാറ്റിനുകീഴെ ഉറക്കം മുറിഞ്ഞ കിടക്കകളില്‍ പുരുഷന്മാര്‍ അപമാനിതരായി കിടന്നു. സ്വന്തം തറയില്‍ ശത്രുസാന്നിദ്ധ്യം മണത്ത യോദ്ധാക്കളെപ്പോലെ അവര്‍ മറ്റുപുരുഷന്മാരുടെ മുന്നില്‍ അസ്വസ്ഥരായി.

വീട്ടിലേക്ക് കയറുന്ന മുരുപ്പിനുതാഴെ വേണു യാത്രപറഞ്ഞുപോയപ്പോള്‍ നാണുനായര്‍ക്ക് പേടിതോന്നി. കുറച്ചുദൂരമേയുള്ളൂ. എങ്കിലും ..

നല്ല നിലാവുണ്ട്. പതിയെ ഇടവഴി കയറി വീടിനു തൊട്ടുതാഴെയുള്ള പറമ്പിനരികിലെത്തിയപ്പോഴാണ് ലഹരിയുടെ മായയിലോ മായയുടെ ലഹരിയിലോ നാണുനായര്‍ക്ക് മുല്ലപ്പൂ പറിക്കാന്‍ തോന്നിയത്. അയല്‍ വീറ്റിന്റെ മുറ്റത്തിനും തൊടിക്കുമിടയില്‍ ഒരു കിളിമരം നിറയെ മുല്ല പൂത്തുകിടക്കുന്നു. രാത്രിയില്‍ കയറി പൂവ് പറിച്ചെന്നുവച്ച് ഒന്നും സംഭവിക്കാനില്ല. പാപ്പാത്യമ്മയ്ക്ക് സന്തോഷമാവും എന്നുറപ്പ്.

വേലിച്ചെടികള്‍ ചാഞ്ഞുകിടന്ന ഒരിടം വകഞ്ഞ് നാണുനായര്‍ അകത്തുകയറി. കിളിമരത്തോടടുത്തതും അതിന്റെ ചുവട്ടില്‍ ആരോ പതുങ്ങി നില്‍ക്കുന്നുണ്ട് എന്ന് നാണുനായര്‍ക്ക് തോന്നി. പിന്നോട്ട് അടികള്‍ വച്ച് പിന്നെ പിന്തിരിഞ്ഞ് നാണുനായര്‍ വേഗത്തില്‍ നടന്നു. ആരോ പിന്തുടരുന്നുണ്ട്. നാണുനായര്‍ ഓടാന്‍ തുടങ്ങി.

ദിശതെറ്റിയോ? വലത്ത് താഴേ മൂലയിലെ പ്ലാവിന്റെ നിഴല്‍ രൂപം കാണാം. അവിടെ വേലി പൊളിഞ്ഞു കിടക്കുകയാണെന്ന് മിന്നായം പോലെ ഒരോര്‍മ്മ. കാലുകള്‍ വലിച്ചുവച്ചോടി. അവിടെയെത്തിയപ്പോള്‍ അവിടെ തോളറ്റം വേലി. വീണ്ടും ഇടത്തോട്ടു തിരിഞ്ഞാല്‍ വഴിയരികാണ്. എവിടെയെങ്കിലും ചാടാം. ഇല്ല. വേലി ഇടതൂര്‍ന്ന് മതിലുപോലെയായിരിക്കുന്നു.

പിന്നിലെ കാലടികള്‍ അടുത്തുവരുന്നുണ്ട്. മുന്നോട്ടോടും തോറും വേലി പക്ഷെ കനത്ത് കറുത്ത് കാഴ്ചയെ വിഴുങ്ങുകയാണ്. നിലാവ് മാഞ്ഞുപോയിരിക്കുന്നു. കറുത്ത പെരുംകൈകളുള്ള ഒരു കാറ്റ് കാലുകളെ ചുറ്റിപ്പിടിച്ചു വലിക്കുന്നു. മുന്നോട്ടു വച്ച പാദം മണ്ണിലുറയ്ക്കാതെ കാറ്റിന്റെ തിരയിലെവിടെയോ...

നാണുനായരുടെ ഒച്ച പുറത്തുവന്നില്ല.


§4. കാവ്

മരണത്തിലേക്ക് തുറിച്ച കണ്ണോടെ നാണുനായര്‍ ചോഴിക്കാട്ടൂരുകാരുടെ ഉറക്കത്തെയും ഏകാന്തതയെയും വേട്ടയാടി.

കലഹത്തില്‍ നിന്ന് തിരികെ വരാതെ നാണുനായര്‍ പോയതുകൊണ്ടാവണം ഏറ്റവും ഉലഞ്ഞുപോയത് കടത്തുകാരന്‍ കുമാരനാണ്. രണ്ടു ദിവസം അയാള്‍ വള്ളമെടുത്തില്ല. മൂന്നാം ദിവസം രാവിലെ അക്കരെക്കടവില്‍ രോഹിണി ഉണ്ടായിരുന്നു.
‘നീ കയറണ്ട’ കുമാരന്‍ പറഞ്ഞു. ‘എന്റെ വള്ളത്തില്‍ നീ ഇനി അക്കരെക്ക് പോവണ്ട’

എന്തുകൊണ്ടെന്ന് രോഹിണി ചോദിച്ചില്ല. കയ്യിലുണ്ടായിരുന്ന പൂമാല വെള്ളത്തില്‍ വലിച്ചെറിഞ്ഞ് അവള്‍ തിരികെപ്പോയി.

‘നന്നായിപ്പോയി’ വള്ളത്തിലിരുന്ന് പഞ്ചായത്ത് മെംബര്‍ പറഞ്ഞു. ‘ഇനിയാ കുഞ്ഞച്ചനെ ഒന്നു കാണട്ടെ. ഇവിടെ യക്ഷീം വേണ്ട ഗന്ധര്‍വനും വേണ്ട’

വാങ്ങിപ്പോയ പണത്തിന്റെ കണക്കു തീരുന്നതുവരെ താമസക്കാരനെ ഇറക്കിവിടില്ല എന്ന് കുഞ്ഞച്ചന്‍ വാശിപിടിച്ചു. എങ്കിലും നാട്ടുകാരെ പിണക്കുന്നതില്‍ അയാള്‍ക്ക് വല്ലാതെ വിഷമം തോന്നി. വൈകുന്നേരമാവാന്‍ കുഞ്ഞച്ചന്‍ കാത്തിരുന്നു.

വെയില്‍ താണ് നിലാവ് തെളിഞ്ഞു. പൂര്‍ണചന്ദ്രന്‍ . അന്നത്തെ വര കഴിഞ്ഞ് അയാള്‍ ഓടക്കുഴല്‍ വായിച്ചില്ല. കുഞ്ഞച്ചന്റെ കടമുറിയിലേക്ക് പോയതുമില്ല.

ഇരുട്ടായിക്കഴിഞ്ഞ് കവലയില്‍ നിന്ന് ബീഡി വാങ്ങി കുമാരന്‍ കടവിലേക്ക് പോകുമ്പോഴും അയാള്‍ പീടികത്തിണ്ണയില്‍ വെറുതെ ഇരിക്കുന്നുണ്ടായിരുന്നു.

രാ‍ത്രിയിലെപ്പോഴോ ഇലഞ്ഞി മരച്ചുവട്ടില്‍ ഓടക്കുഴലിന്റെ ശബ്ദം കേട്ടു. പുഴ കയറിവന്ന് തന്നെ കോരിയെടുക്കുന്നതും ഇളം ചൂടുള്ള വെള്ളത്തില്‍ ഒഴുകിനടക്കുന്നതും സ്വപ്നം കണ്ട് കുമാരന്‍ ഉറക്കത്തിനും ഉണര്‍ച്ചയ്ക്കുമിടയില്‍ കിടന്നു.

പാട്ടുമുറിഞ്ഞു പോയി. അക്കരെ പാലമരത്തിനു മീതേ തീയാളുന്നതുകണ്ട് കുമാരന്‍ ഞെട്ടിയെഴുന്നേറ്റു. തീയല്ല. നിലാവ് കാവിനുമുകളില്‍ തെളിഞ്ഞൊഴുകുകയാണ്. പാതിരാവ്. അരികില്‍ പുഴ. തൊട്ടപ്പുറത്ത് ഇലഞ്ഞിമരച്ചുവട്ടില്‍ ആറ്റുനീരില്‍ ആളനക്കം.

കുമാരന്‍ കാതോര്‍ത്തു. പിന്നെ എഴുന്നേറ്റിരുന്നു. ഇലഞ്ഞിച്ചുവടില്‍ പുഴ ഓളം തല്ലുന്നു. കറുത്തമുടിയഴിച്ചിട്ട് സാവധാനം വെള്ളത്തില്‍ താണിരുന്ന് മുങ്ങി ഓളമുയരെ ഉല്ലാസത്തോടെയുയര്‍ന്ന് പുഴയുമായി രമിക്കുകയാണയാള്‍ . ഗന്ധര്‍വന്‍ .

അയാള്‍ക്കുചുറ്റും നിലാവില്‍ ചെറുദീപങ്ങള്‍ തെളിഞ്ഞ ആയിരം ഓളങ്ങളില്‍ പുഴ പൊന്‍‌വലയായി. വലയില്‍ കുടുങ്ങിയ മീന്‍ പോലെ അയാള്‍ തുടിച്ചുനീങ്ങാന്‍ തുടങ്ങി. അക്കരക്ക് .

ഓളങ്ങളിലെ തിരികള്‍ ജ്വാലകളായി വളര്‍ന്നു. തീയുടെ, തിളച്ചപൊന്നിന്റെ, തുടിപ്പില്‍ നദി വളര്‍ന്നു.

നിലാവ് പാലമരത്തിനും കാവിനും മീതെ മഴയായി. പാലമരം മഴയില്‍ നനഞ്ഞു. ഇലത്തുമ്പുകളില്‍ നിലാവ് തുള്ളിയായി. ശിഖരങ്ങളില്‍ വെളിച്ചം ഒറവ പൊട്ടി. വാനം മുട്ടെ വിരിഞ്ഞുപോട്ടുന്നുന്നൊരു പൂക്കുറ്റി പോലെ തെളിഞ്ഞ വെളിച്ചമായി കാവ് തുള്ളിയുലഞ്ഞു.

പിന്നെ വാനോളമുയര്‍ന്ന വെളിച്ചം മലവെള്ളം പോലെ പുഴയിലേക്ക് താണു. പുഴയില്‍ അതുവീണ്ടും തിരയടിച്ചുയര്‍ന്നു. തിരയില്‍ ഒരു ബിന്ദുവായി ഗന്ധര്‍വന്‍ ഉയര്‍ന്നുപോയി..

എന്റെ ദേവീ രക്ഷിക്കണേ എന്നു നിലവിളിച്ച് കുമാരന്‍ ഇടവഴിയിറങ്ങി ഓടി. നാട്ടുവഴിയെത്തുന്ന കലുങ്കില്‍ മുഖവും നെഞ്ചും തല്ലി വീണു. എഴുന്നേറ്റ് പനി തീയായി മെയ് വിഴുങ്ങും വരെ പിന്നെയും ഓടി. കവലയ്ക്കടുത്ത വയല്‍ വരമ്പില്‍ ബോധംകെട്ടുവീണു.



*******
കുഞ്ഞച്ചന്റെ കടയ്ക്കു മുകളിലെ ഒറ്റമുറിയിലേക്ക് ഗന്ധര്‍വന്‍ മടങ്ങിവന്നില്ല. ജ്വരജല്പനങ്ങളുടെ കാണാക്കരയില്‍ നിന്ന് കുമാരന്റെ ബോധം തിരികെ വള്ളം തുഴഞ്ഞില്ല.

പാലപ്പൂമണത്തിന്റെ ആ നാളുകളില്‍ വീടുകള്‍ക്കും വഴികള്‍ക്കുമിടയിലുയര്‍ന്ന മതിലുകളില്‍ നിന്ന് ചോഴിക്കാട്ടൂരിലെ സ്ത്രീകള്‍ എന്നെങ്കിലും പുറത്തിറങ്ങിയോ ? അറിയില്ല.

രോഹിണി പിന്നീട് പുഴകടന്ന്‍, കവല കടന്ന്, അമ്പലത്തിലേക്ക് പോയില്ല. പക്ഷെ തെളിഞ്ഞ മുഖത്തോടെ അവള്‍ കാവില്‍ എന്നും രാവിലെയും വൈകിട്ടും തിരികൊളുത്തി.

അവളുടെ തെളിച്ചങ്ങള്‍ക്ക് അന്യമായ ഗ്രാമം കൊഴിഞ്ഞുപോയ പാലപ്പൂക്കളുടെ സുഗന്ധം വിട്ടുപോകാത്ത ഇരുളിലേക്ക് ഉറങ്ങുകയും ഉണരുകയും ചെയ്തുകൊണ്ടിരുന്നു.

Tuesday, 30 December 2008

കടം കഥ

ഇന്നലെ വൈകിട്ട് കൂട്ടുകാരിയുമായി നടക്കാനിറങ്ങിയതാണ്. വഴിയരികില്‍ പുഴയോട് ചേര്‍ന്ന് ഒരു തണല്‍ മരം.

വഴിക്കുമീതേ ഒരു പകുതി ഇലകൊഴിഞ്ഞും കരിഞ്ഞും; തളിര്‍ത്തും പൂത്തും മറുപകുതി പുഴയിലേക്ക് ചാഞ്ഞ്.

കടംകഥ കണ്ടതുപോലെ കൂട്ടുകാരി പകച്ചു. ഞാന്‍ മുന്നോട്ടേറെ നടന്നിട്ടും അവള്‍ അനങ്ങിയതേയില്ല.

സ്വന്തം രൂപകം മുന്നില്‍ കണ്ടാല്‍ ആര്‍ക്കാണ് അനങ്ങാനാവുക.?

Tuesday, 23 December 2008

മൂന്നു പെണ്ണുങ്ങള്‍


ബോറ് 14


“നീയിത്ര ചിലയ്ക്കാനൊന്നുമില്ല സാറ.. ഞാന്‍ എന്റെ മകനോടാണ് സംസാരിക്കുന്നത്..”

“ആല്‍ബെര്‍ത്തോ നീ ഇനിയും ആ കൊടിച്ചിയുടെ മോങ്ങലും കേട്ടുനിന്നാല്‍ ഞാന്‍ എന്റെ മോളേയും കൊണ്ണ്ട് പോവും... എന്റെ വീട്ടിലേക്ക്...”

അപ്പോള്‍ കുട്ടികള്‍ക്കുള്ള ഉന്തു വണ്ടിയില്‍ നിന്നൊരു പിഞ്ചു കൈ അയാളുടെ നേരേ നീണ്ടു വരികയും അയാളെ എത്തിപ്പിടിക്കാനെന്നോണം വായുവില്‍ വന്യമായി ചലിക്കുകയും ചെയ്തു.

Wednesday, 17 December 2008

പാഴ്

ബോറ് 13
മനസ്സിലായില്ലേ.. ഗംഗയാണ്.

എന്തുകഷ്ടപ്പെട്ടാണെന്നറിയോ പാട്ടും ഡാന്‍സും പഠിച്ചത്!.

ആ കോന്തന്‍ സണ്ണി എവിടെന്നെങ്ങാണ്ടുവന്ന് സുഖപ്പെടുത്തിക്കളഞ്ഞു.

എന്തൊക്കെ മനക്കോട്ട കണ്ടതാരുന്നു ഈശ്വരാ...

Wednesday, 3 December 2008

ഇമ്പം എന്ന തലക്കെട്ടില്‍ പറഞ്ഞുതീരാത്ത ഒരു കഥ

കണ്ണടയുടെ ഫ്രെയിമിനുമുകളിലൂടെ പുരികങ്ങള്‍ വളച്ച് ശ്രീമതി രാധാ ധനപാലന്‍ അഭിയെ നോക്കി. അവന്‍ സൂവിലെത്തിയ കുട്ടിയുടെ കൌതുകത്തോടെ പുസ്തകഷെല്‍ഫുകളില്‍ കൂട്ടിലിട്ട മൃഗങ്ങളെ പരതിനോക്കിയിരിക്കുന്നു. നല്ല വായനയുണ്ടാവും ചെക്കന്.

കഥ വായിക്കാന്‍ കൊള്ളാം. നല്ല കയ്യക്ഷരം. എ ഫോറ് പേപ്പറില്‍ ബ്രൈറ്റ് നീല മഷി. ചില്ലക്ഷരങ്ങളുടെ മുകളിലെ ചുനിപ്പിനും സ്വസ്ഥം എന്ന വാക്കിലെ 'ഥ' യുടെ തുടക്കത്തിനും അവന്റെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടികളുടെ പോലെ സുന്ദരമായ ഒടിവ്.

അവനെ ഒളികണ്ണിട്ടു നോക്കിക്കൊണ്ട് വായിച്ചുകൊണ്ടിരുന്ന പേജിലെ അവസാന വരികള്‍ അലസമായി ശ്രദ്ധിക്കുമ്പോഴാണ് ഒരു നടുക്കത്തിലൂടെ കഥ രാധാ ധനപാലനെ വീണ്ടും പിടിച്ചെടുത്തത്.

അപ്പാര്‍ട്ട്‌മെന്റുകള്‍ക്കു താഴെ ബൈക്ക് ഒതുക്കിവയ്ക്കുമ്പോള്‍ പരിചയക്കാരനായ സെക്യൂരിറ്റി ഗാഡ് അയാളെ നോക്കി ചിരിച്ചു. എന്താ രാമേട്ടാ സുഖമല്ലേ? എന്ന് അയാള്‍ കുശലം ചോദിച്ചു. മെയിന്‍ എന്‍‌ട്രന്‍സിനു വലതുവശത്തേക്ക് തിരിഞ്ഞുള്ള മുന്നുലിഫ്റ്റുകളിലെ നടുവിലത്തേത് താഴേക്ക് വരുന്നുണ്ട്. കാത്തുനില്‍ക്കുമ്പോള്‍ അയാള്‍ ഒരു പാട്ട് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.

-- ഉം? പിന്നില്‍ അവള്‍
‌‌-- ങുങ്ങും. അയാള്‍ തലവെട്ടിച്ചു
നീയെന്താ താഴെ എന്ന് അയാളുടെ കണ്ണുകള്‍ അവളോട് ചോദിച്ചു.
-- കണ്ണനിന്ന് ഉച്ചവരെയേ ക്ലാസുള്ളൂ. അവനെ വിളിക്കാന്‍ നേരത്തേ പോകണം എനിക്ക്. എവിടായിരുന്നു നീ ഇതുവരെ? അവള്‍ കലഹിച്ചു.

മുന്നില്‍ തുറന്ന ഇടുങ്ങിയ വഴിയിലേക്ക് അവര്‍ ഒരേസമയം ഞെരുങ്ങിക്കയറി. ഏഴ് എന്നെഴുതിയ സ്വിച്ചില്‍ രണ്ട് ചൂണ്ടുവിരലുകള്‍ ചെന്നു കുത്തി.
അവളെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ചേര്‍ന്നു നിന്ന് അയാള്‍ ഹമേ തുംസെ പ്യാര്‍ കിത്‌നാ എന്നു മൂളാന്‍ തുടങ്ങി.

അയാള്‍, അയാള്‍, അയാള്‍! രാധാ ധനപാ‍ലന്‍ വരികളിലൂടെ താഴേക്ക് കണ്ണോടിച്ചു. അയാളുകളുടെ ഒരു നീണ്ടനിര അവരെ നിരാശപ്പെടുത്തി.

-- അഭീ ഈ അയാള്‍ എന്നു പറഞ്ഞിരിക്കുന്നത് ബാലചന്ദ്രനെ തന്നെ ആണോ?
-- ഹ്.. ഹ്.. ഹല്ല.. അതെ മാം. അഭി സ്വപ്നത്തില്‍ നിന്ന് വെളിപ്പെട്ടു

പൊട്ടുചെക്കന്‍. നല്ലഭംഗിയുണ്ട് അവന്റെ അമ്പരപ്പും ഭയവും കാണാന്‍.
-- അതെയെന്നോ അല്ലെയെന്നോ? മയമില്ലാത്ത അധ്യാപികയെപ്പോലെ രാധാ ധനപാലന്‍ ചോദിച്ചു.
-- അത് ... അതു രണ്ടും ഒരു ആള്‍ തന്നെയാണ് മാം.

അവനെ കര്‍ക്കശമായി ഒന്നു നോക്കിയിട്ട് രാധാ ധനപാലന്‍ വീണ്ടും വായിക്കാന്‍ തുടങ്ങി.

-- ഇന്നെന്തേ പതിവില്ലാത്ത സംഗീതം? ഫ്ലാറ്റിന്റെ വാതിലടയ്ക്കുമ്പോള്‍ അവള്‍ ചോദിച്ചു. അയാള്‍ മറുപടി പറയാതെ ചിരിച്ചു.
-- പാട്, അതു മുഴുവന്‍ പാട്! അയാളെ വിരല്‍ പിടിച്ച് അകത്തേക്ക് നടത്തിക്കൊണ്ട് അവള്‍ ആവശ്യപ്പെട്ടു.
‌-- ഹേയ്!എനിക്കറിയില്ല. ഇഷ്ടമുള്ള വരികള്‍ വെറുതെ മൂളുന്നതിനപ്പുറം സംഗീതവാസന തനിക്കുണ്ടെന്ന് അയാള്‍ക്ക് തോന്നിയിരുന്നില്ല.
അയാളെ ഒരു കസേരയില്‍ ഇരുത്തി അവള്‍ അരികില്‍ നിലത്ത് പടിഞ്ഞിരുന്നു. -- അറിയാവുന്നതുപോലെ പാട് കേള്‍ക്കട്ടെ
‌‌-- ശ്യോ എന്താടാ ഇത്? അയാള്‍ പരിഭവിച്ചു. പക്ഷെ അവള്‍ അവളാണ്. നിര്‍ബന്ധങ്ങള്‍ നിര്‍ബന്ധങ്ങളും. അവളുടെ മുടിയിഴകളില്‍ക്കൂടി വിരലോടിച്ച് പാടാന്‍ തുടങ്ങി.
ഹമേ തുംസേ പ്യാര്‍ കിത്‌നാ യേ ഹം നഹീ ജാന്‌തേ..
മഗര്‍ ജീ നഹീ സക്‍തേ തുംഹാരേ ബിനാ...

മോശമില്ലെന്ന് അയാള്‍ക്കുതന്നെ തോന്നി. തനിക്കറിയാത്ത ഏതൊക്കെ വഴിയിലാണ് അവള്‍ തന്നെ നടത്തുന്നതെന്ന് അയാള്‍ എന്നും അത്ഭുതപ്പെട്ടിരുന്നു. ചിന്നൂട്ടിക്ക് രണ്ടുവയസ്സുള്ളപ്പോഴാണ് എല്‍.ഐ.സി ആവശ്യവുമായി അയാള്‍ ആ ഫ്ലാറ്റില്‍ ആദ്യം വന്നത്. എന്നാണ് തമ്മില്‍ പ്രണയമായതെന്ന് ചോദിച്ചാല്‍ അവള്‍ ആ ഡേറ്റാണ് പറയാറുള്ളത്. ആദ്യദര്‍ശനാനുരാഗം.

ഇത്രയുമായപ്പോള്‍ രാധാ ധനപാലന്‍ അസ്വസ്ഥയായി അഭിയെ നോക്കി. അവന്‍ ജനലിനുപുറത്തെ ചെമ്പരത്തിക്കൊമ്പിലേക്ക് കണ്ണുനട്ടിരിക്കുന്നു. മീശമുളച്ചിട്ടില്ലാത്ത കൌതുകം. പേജുകള്‍ പിന്നിലേക്ക് മറിച്ച് രാധാ ധനപാലന്‍ ആദ്യപേജിന്റെ മൂന്നാമത്തെ ഖണ്ഡിക വീണ്ടും വായിച്ചു.

ബാലചന്ദ്രന്‍ രാവിലെ കുളിച്ചുവരുമ്പോഴേക്കും സീതാലക്ഷ്മി കാപ്പി എടുത്തുവച്ചിരുന്നു. ദോശ. ചമ്മന്തി. സാമ്പാറ്‍. പഴം. ചായ. പോറ്റി ഹോട്ടല്‍ . മേശയുടെ അറ്റത്തെ കസേരയില്‍ വലിഞ്ഞുകുത്തിയിരുന്ന് ചിന്നൂട്ടി ദോശ പിച്ചിപ്പറിച്ച് ...

-- ലച്ചൂ നിന്റെ മോള്‍ ദാ ദോശ കൊണ്ട് പൂക്കളം ഉണ്ടാക്കുന്നു..

സീതാലക്ഷ്മി എന്തുപറയുന്നു എന്ന് കേള്‍ക്കാന്‍ നില്‍ക്കാതെ ബാലചന്ദ്രന്‍ അകത്തേക്ക് പോയി. അകത്തെ മുറിയില്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് ബാലചന്ദ്രന്‍ മുടിചീകി. ഷര്‍ട്ടിട്ടു. ദേവ ദുന്ദുഭീ സാന്ദ്രലയം എന്നു മൂളിപ്പാട്ടു പാടി. മൂളല്‍ ഞരക്കമായപ്പോള്‍ നിറുത്തി. കണ്ണാടിയില്‍ നോക്കി പോടാ കഴുതേ എന്നു പല്ലിളിച്ചു.

സീതാലക്ഷ്മി അടുക്കളയില്‍ നിന്ന് എന്റെ ചിന്നൂട്ടി.. പിന്നേ.. ഞാന്‍ തറവാട്ടീന്ന് കൊണ്ടന്നതല്ലേ! എന്ന് പിറുപിറുത്തും, ഈ തെമ്മാടിപ്പെണ്ണിന് തല്ലുകൊള്ളാത്തതിന്റെ കുഴപ്പമാണെന്ന് കലഹിച്ചും, കയ്യില്‍ തയ്യാറാക്കിക്കൊണ്ടുവന്ന ടിഫിന്‍ ബോക്സുകള്‍ മേശപ്പുറത്തേക്കിടിച്ചു വച്ച് ചിന്നൂട്ടിയുടെ നേരെ കണ്ണുരുട്ടി നോക്കിയിട്ട് രണ്ടു ദോശ പാത്രത്തിലെടുത്ത് കറിയൊഴിച്ച് അത് കയ്യില്പിടിച്ച് മേശക്കരികില്‍ ഒരു കസേരയിലേക്ക് വശം തിരിഞ്ഞിരുന്ന് തിടുക്കത്തില്‍ കഴിക്കാന്‍ തുടങ്ങി.

ഷര്‍ട്ടിട്ട് ബാലചന്ദ്രന്‍ പുറത്തു വന്നു. മേശക്കരികില്‍ പിണങ്ങിയ മട്ടില്‍ ഇരിക്കുന്ന സീതാലക്ഷ്മിയുടെ പിന്നില്‍ വന്നു. കൈ കൊണ്ട് കളിയായി തോളില്‍ അമര്‍ത്തി. ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ സീതാലക്ഷ്മിയുടെ ടിഫിന്‍ ബോക്സ് തുറന്നു.
-- യ്യൊ ഇതെന്താ ഇങ്ങനെ?
-- മോള്‍ക്കുണ്ടാക്കിയപ്പോഴേക്ക് സമയം കഴിഞ്ഞു. ഇപ്പത്തന്നെ വൈകീല്ലേ?

ചിരിച്ചുകൊണ്ടുതന്നെ ബാലചന്ദ്രന്‍ റ്റിഫിന്‍ ബോക്സിലുണ്ടായിരുന്നത് തന്റെ പ്ലേറ്റിലേക്ക് കുടഞ്ഞിട്ടു. തിരിഞ്ഞുനോക്കിയ സീതാലക്ഷ്മിയെ നോക്കി കണ്ണിറുക്കി. സീതാലക്ഷ്മി ചിരിച്ചുകൊണ്ട് മുഖം കുനിച്ചു. ഇന്നുച്ചക്ക് സ്കൂളില്‍ നിന്ന് ഭര്‍ത്താവിനൊപ്പം കറക്കം. ചാന്ദ്നി റെസ്റ്റോറന്റില്‍ നിന്ന് ഊണ്.

വിവാഹനാള്‍ മുതല്‍ അവരുടെ പിണക്കങ്ങള്‍ക്ക് അത്ര നീളമേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയെ പൊന്നുപോലെ നോക്കുക എന്നാല്‍ ...

ഇമ്പം എന്ന തലക്കെട്ടില്‍ ദാമ്പത്യത്തെക്കുറിച്ച് ഒരു കഥ. ഈണവും താളവും ഉണ്ടായിരുന്നു 'അയാള്‍' ആ ഫ്ലാറ്റിനു താഴെ എത്തുന്നതുവരെ. അതുകഴിഞ്ഞ് എല്ലാം നശിപ്പിച്ചുവച്ചിരിക്കുകയാണ് പോക്കിരിച്ചെക്കന്‍. പ്രായം അതല്ലേ!

രാധാ ധനപാലന്‍ ഒരു കുസൃതിച്ചിരി മറച്ച്, മുന്‍പു വായിച്ചുനിറുത്തിയ ഇടത്തേക്ക് തിരിച്ചുപോയി.

-- നോക്ക്, നീ ഇതുവരെ ചെയ്യാത്തതുപലതും ചെയ്തുതുടങ്ങുന്നു. ഇതുവരെ ആസ്വദിക്കാത്തതുപലതും ആസ്വദിച്ചു തുടങ്ങുന്നു അല്ലേ ? അയാളുടെ മടിയില്‍ മുഖമണച്ചുവച്ച് അവള്‍ ചോദിച്ചു.

-- എന്തെന്നറിയിയുമോ, എന്താന്നറിയുമോ നിനക്ക്? അവളുടെ പ്രണയവ്യാഖ്യാനങ്ങള്‍ക്കുമുന്നില്‍ എന്നും വെറും വിദ്യാര്‍ത്ഥിയായിരുന്നു.
-- മതിയാവുന്നില്ലെടാ എനിക്ക്. നിന്റ്റെയുള്ളില്‍ നീപോലുമറിയാതെ മറഞ്ഞിരിക്കുന്നതെല്ലാം എനിക്ക് വേണം, അവള്‍ പറഞ്ഞു.ക്രൂരമായ ബലത്തോടെ അയാള്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി ചുംബിച്ചു. അടിയറവ്. ഗുരുദക്ഷിണ.

രാധാ ധനപാലന് എന്തിനെന്നറിയാതെ കഠിനമായ കോപം വന്നു. ഫ്ലാറ്റിലെ പ്രണയസല്ലാപങ്ങളെ അവഗണിച്ച് അവര്‍ അടുത്തപേജിലേക്ക് കയറി.

ചാന്ദ്‌നി റെസ്റ്റോറന്റില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ സീതാലക്ഷ്മി പറഞ്ഞു: ഏട്ടാ ഇന്നു വൈകിട്ടു മോളെ ഏട്ടന്‍ വിളിക്കുമോ? ഞാനും രോഹിണിയുംകൂടി ഒരിടം വരെ പോവുന്നു.
വെയിലിനുനേരേ മുഖം ചുളിച്ച് ബാലചന്ദ്രന്‍ ചിരിച്ചു: ഷോപ്പിംഗ്? എന്താണ്?
-- അതെന്തിനാ അറിയുന്നേ?
-- ഓക്കേ. ഒത്തിരി വൈകരുത്. എനിക്ക് വൈകിട്ട് ഒരാളെ കാണാന്‍ ഇറങ്ങേണ്ടിവരും

പിറ്റേ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഏഴാം നിലയിലെ ഫ്ലാറ്റില്‍ ഉഷ്ണം വലിച്ചുതള്ളുന്ന പങ്കയ്ക്കുകീഴെ കര്‍ക്കിടകമഴയായി പെയ്തുവീണ് തന്നെ പൊതിഞ്ഞൊഴുകുന്ന അവളെ ചുറ്റിപ്പിടിച്ചു മയങ്ങുമ്പോള്‍, അവളുടെ വിരലുകള്‍ തന്റെ നെഞ്ചിലെ പുതിയ മാലയില്‍ കോര്‍ക്കുന്നതറിഞ്ഞ് അയാള്‍ ഉണര്‍ന്നു.
-- എന്റെ ലച്ചുവിന്റെ സമ്മാനമാണ് -
-- ഓ ഗ്രേറ്റ്! എന്തുപറ്റി നിന്റെ ലച്ചുവിന് ?

എന്താണത് എന്ന് അയാള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. അലവന്‍സ് കുടിശികയായി കയ്യിലെത്തിയ പണമല്ല. മറ്റെന്തോ. ഉള്ളിലെ കൊച്ചുകൊച്ചു സന്തോഷങ്ങളില്‍ പരസ്പരം തൊടാന്‍ കൊതിതോന്നിക്കുന്ന എന്തോ ഒന്ന്. ഒരു പുതിയ കാഴ്ച. ഈ മാല ആ കാഴ്ചയുടേതാണ്.

അവളെ മെല്ലെ വകഞ്ഞുമാറ്റി അയാള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. -- നോക്കൂ ലച്ചുവിനുമാത്രമല്ല. എനിക്കും കൂടിയാണ്. ഞാന്‍ നിന്നെ കണ്ടതിനുശേഷമാണ് ഞങ്ങള്‍ക്ക് പരസ്പരം മനസ്സിലാകാന്‍ തുടങ്ങിയത്.
കണ്ണടച്ച് ചിരിച്ച് അവള്‍ അയാളുടെ വിരലുകളില്‍ പിടിച്ചു. -- ലവ് ഇസ് കണ്ടേജിയസ്

അവളുടെ മീതേ ചാഞ്ഞ് അയാള്‍ അവളുടെ മുടിയിഴകള്‍ കോതിയൊതുക്കി. -- എനിക്കിതു മനസ്സിലാവുന്നില്ല. ഇറ്റ്സ് സോ സ്ടേഞ്ച്..
--ശ്‌ശ്‌ശ്.. അവള്‍ ചുണ്ടില്‍ വിരല്‍ വച്ചു; എന്നെ കണ്ടതിനു ശേഷം നിങ്ങളുടെ കുടുംബജീവിതം ഒരുപാടു മെച്ചപ്പെട്ടു എന്ന്, അതല്ലേ?
-- ഉം... പിന്നെയും പിന്നെയും പറയുന്നത്..
-- എനിക്കത് വിശ്വാസമായോ എന്നുറപ്പില്ലാത്തതുകൊണ്ട് എന്നല്ലേ?
-- ഹൊ തോറ്റു ഞാന്‍, അയാള്‍ അവളുടെ നെറ്റിയില്‍ ചുംബിച്ച് അരികിലേക്ക് ചാഞ്ഞുകിടന്നു. --നമ്മളെന്താടാ ഇങ്ങനെ ?
-- അത്.. ഈ ലൈലയും മജ്നുവും... അവര്‍ രണ്ടുപേരും ഓരോ കല്യാണം കഴിച്ചുകഴിഞ്ഞിട്ടാണ് ആദ്യമായി തമ്മില്‍ കണ്ടതെന്ന് വിചാരിക്ക്. അവര്‍ക്ക് തമ്മില്‍ സ്നേഹിക്കാതിരിക്കാന്‍ പറ്റുമോ?
-- ഇല്ല. അയാള്‍ അവളെ ചേര്‍ത്തുപിടിച്ചു.
-- അവര്‍ തമ്മില്‍ സ്നേഹിക്കുന്നതുകൊണ്ട് അവര്‍ക്ക് അവരെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരെ സ്നേഹിക്കാതിരിക്കാന്‍ പറ്റുമോ?
-- എന്റെ ലൈലേ
-- എന്റെ മജ്നൂ
-- എന്റെ രാധേ
-- എന്റെ കണ്ണാ
-- എന്റെ ചന്ദ്രികേ
-- കൊല്ലും ഞാന്‍ കൊരങ്ങേ

അയാളുടെ ഫോണ്‍ ബെഡ്ഡിനരികിലെ ടീപ്പോയിലിരുന്നു ചിലച്ചു
-- എന്റെ ഞുളു ഞുളൂ... അവള്‍ ഫോണെടുത്തു
-- എന്റെ പെപ്പെപ്പേ ... അയാള്‍ ഫോണ്‍ വാങ്ങി ചെവിയില്‍ വച്ചു.

രണ്ടുമിനിറ്റ് കഴിഞ്ഞ് ആധിയോടെ ഫ്ലാറ്റിനു പുറത്തേക്ക് പായുമ്പോള്‍ അവള്‍ പിന്നില്‍ നിന്ന് അയാളുടെ കൈ പിടിച്ചു വലിച്ചു
--‌ ടാ സത്യം പറ. നിന്റെ കയ്യില്‍ അത്യാവശ്യത്തിന് പൈസ ഉണ്ടോ?
-- ഉണ്ടെന്നേ... ആവശ്യം ഉണ്ടെങ്കില്‍ പറയാം ഞാന്‍. സത്യം.
-- ഉം. വിവരം അറിഞ്ഞിട്ട് വിളിക്കണം. ഞാന്‍ നോക്കിയിരിക്കും.
ലിഫ്റ്റിന്റെ ചേര്‍ന്നടയുന്ന വാതിലിനപ്പുറം അവളുടെ കണ്ണുകള്‍ എല്ലാം ശരിയാവും എന്ന് സന്ദേശം കുറിച്ചു.

തലചുറ്റി വീണതായിരുന്നു സീതാലക്ഷ്മി. വൈറ്റമിന്‍ ഡെഫിഷ്യന്‍സി.
-- കുഴപ്പമൊന്നുമില്ല. കുറച്ചു ടോണിക്. പിന്നെ ഡയറ്റുനോക്കണം. അയാള്‍ ഫോണില്‍ പറഞ്ഞു
-- താങ്ക് ഗോഡ്. നീയിനി കുറച്ചു ദിവസം അവളെ ജോലിക്ക് വിടണ്ട.
-- പറഞ്ഞുനോക്കാം. ഞാന്‍ ഡോക്റ്ററുടെ അടുത്തേക്ക് കയറുവാ. പിന്നെ വിളിക്കാം.

രാധാ ധനപാലന്‍ ദേഷ്യത്തോടെ പേജുകള്‍ വേഗത്തില്‍ മറിച്ചു. എവിടെയാണ് ഈ കപടനാടകം പൊളിഞ്ഞുവീഴുന്നത്? എവിടെയാണ് പാവം സീതാലക്ഷ്മി ഈ ചതിയില്‍ നിന്ന് മോചിതയാകുന്നത്? എവിടെ, എങ്ങനെയാണ് വിഭജിക്കപ്പെട്ട ഹൃദയവും ജീവിതവും ബാലചന്ദ്രന്റെ സ്വസ്ഥത കെടുത്തുന്നത്?

അല്ല, കുറ്റം ബാലചന്ദ്രന്റേതല്ല. അവളാണ്, അവളാണ് എല്ലാറ്റിന്റെയും തുടക്കം.
-- എന്റെ കണ്ണാ, എന്റെ മുത്തേ, എനിക്കെല്ലാം വേണം. എല്ലാം മുഴുവനായും വേണം. നിന്നെ വേണം. നിന്റെ ലച്ചൂനെയും ചിന്നൂനേയും വേണം. എന്റെ പാവം വക്കീലിനെയും കണ്ണനെയും വേണം.
-- ഓര്‍മയുണ്ടോ നിനക്ക്, എന്തായിരുന്നു തുടക്കം എന്ന്?
-- ഉം. ഉള്ളില്‍ തൊടുന്ന നിന്റെ വാക്ക്‍. നിന്റെ ചിരി. നിന്റെ ലച്ചുവിനോട് നിനക്കുള്ള സ്നേഹം.

ഇല്ല ഇങ്ങനെയൊരു സ്ത്രീയില്ല. ഉണ്ടാവാന്‍ പറ്റില്ല. ഒരു സ്ത്രീക്കും മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്ന ഒരാളെ പ്രണയിക്കാനാവില്ല. പകുത്തെടുത്താല്‍ ഏതു പുരുഷഹൃദയവും മുറിഞ്ഞുതകര്‍ന്നു പോവും. അല്ല, അതുമല്ല ഇവന്‍ പറയുന്നത്.

-- നിന്റെ തീയില്‍, നിന്റെ മഴയില്‍.... അവളുടെ മുലകള്‍ക്കിടയില്‍ കുട്ടിയേപ്പോലെ മുഖമൊളിപ്പിച്ച് അയാള്‍ പറഞ്ഞു.
-- വരുന്നു അവന്റെ സ്യുഡോ പോയെട്രി. കഴുത! അവള്‍ ചിരിച്ചു
-- കേള്‍ക്കെടീ... നിന്നെ ഇങ്ങനെ തൊട്ടുകഴിഞ്ഞിട്ടാണ് എന്റെ ലച്ചുവിനെപ്പോലും ഒരു പെണ്ണായിട്ട് ഞാന്‍ തിരിച്ചറിഞ്ഞത്.
-- ഉം. അതിനി ആ പാവത്തിന്റെ കുറ്റമാണെന്നായിരിക്കും അടുത്തത്.
-- അല്ല. പേടിയായിരുന്നു എനിക്ക് എന്നെ തന്നെ. എന്റെ മോഹങ്ങളെ.
-- വല്‍സാ..നിന്റെ ഭയങ്ങളില്‍ നിന്ന് ഞാന്‍ നിന്നെ മോചിപ്പിച്ചിരിക്കുന്നു മകനേ. അവള്‍ അയാളുടെ മുടിയിഴകളിലൂടെ വിരലുടക്കി ഉറക്കെ ചിരിച്ചു.
-- നോക്ക് സീരിയസ്‌ലി... നിനക്കറിയില്ല നീ... അയാള്‍ കൈ കുത്തി പകുതി നിവര്‍ന്നു.
-- ശ്ശ്ശ്ശ്.... അവള്‍ അയാളുടെ വായ് പൊത്തി. -- എനിക്കറിയില്ല. ഒന്നറിയിച്ചുതാടാ ചുമ്മാ വാചകമടിച്ചു സമയം കളയാതെ!

അടുത്ത വാചകം കണ്ടും കാണാതെയും രാധാ ധനപാലന്‍ കടലാസിനു മുകളിലൂടെ അഭിയെ ശ്രദ്ധിച്ചു. അവന്‍ കൌതുകത്തോടെ അവരെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. നെഞ്ചിനുകുറുകേ കിടന്ന സാരിത്തുമ്പ് ശ്രദ്ധിച്ച് പുതപ്പുപോലെ വലിച്ചുചുറ്റി അവര്‍ ഗൌരവത്തില്‍ ക്ലോക്കിലേക്ക് നോക്കി. പിന്നെ ഇഷ്ടക്കേട് മറച്ചുവയ്ക്കാന്‍ ശ്രമിക്കാതെ കുറേഭാഗം വിട്ട് അവസാനപുറം വായിക്കാന്‍ തുടങ്ങി.

ബാലചന്ദ്രന്‍ സീതാലക്ഷ്മിയുടെ പിന്നില്‍ നിന്ന് കഴുത്തില്‍ കൈ വളച്ചിട്ടു. ഇരുണ്ടു തുടങ്ങിയിട്ടേയുള്ളു. ഇളം ചൂട് ബാക്കിയുള്ള കാറ്റ് അവളുടെ ഈറന്‍ മുടിയില്‍ നിന്ന് ഈര്‍പ്പം ചികഞ്ഞു.
-- യ്യേ നാട്ടുകാരു കാണും. ഇത് ടെറസ്സാ. സീതാലക്ഷ്മി കുതറി.
-- ഉം. നാട്ടുകാരുമുഴുവന്‍ കാണട്ടെ നീന്നെയെനിക്ക് ജീവനാണെന്ന്. ബാലചന്ദ്രന്റെ മീശ സീതാലക്ഷ്മിയുടെ കവിളില്‍ ഉരഞ്ഞു.
-- ശ്യോ ഇങ്ങനെ ഒരു മനുഷ്യന്‍ ...

ബാലചന്ദ്രന്റെ പോക്കറ്റില്‍ സെല്‍ഫോണ്‍ വിറച്ചു.
--ഉം പറയൂ. അയാള്‍ ഒഴിവുള്ള കൈ കൊണ്ട് ഫോണ്‍ ചെവിയിലേക്ക് വച്ചു.
-- ടാ ഞാന്‍ ഒരു പാട്ടു പാടട്ടേ? അവള്‍ ചോദിച്ചു.
-- ഉം കേള്‍ക്കട്ടെ.

പതിഞ്ഞ മനോഹരമായ ശബ്ദത്തില്‍ അവള്‍ പഴയ ഒരു തമിഴ് സിനിമാ ഗാനം പാടാന്‍ തുടങ്ങി.
--ആരാ ഏട്ടാ ?
--എന്റെ ഒരു ഫ്രണ്ടാ

ഫോണ്‍ ചെവിയില്‍ ചേര്‍ത്തുപിടിച്ച് ബാലചന്ദ്രന്‍ സീതാലക്ഷ്മിയെ ചേര്‍ത്തുപിടിച്ച് ചുവടുവയ്ക്കാന്‍ തുടങ്ങി. ബാലചന്ദ്രന്റെ കയ്യില്‍ ഒരു കൈ‌ പിടിച്ച് സീതാലക്ഷ്മി ഒപ്പംകൂടി.
-- മ്യൂസിക് ഇസ് കണ്ടേജിയസ്. ബാലചന്ദ്രന്‍ മെല്ലെ സീതാലക്ഷ്മിയുടെ ചെവിയില്‍ പറഞ്ഞു

രാധാ ധനപാലന്‍ കഥ മേശപ്പുറത്തേക്ക് വച്ച് മേശയില്‍ പേപ്പറിനുമുകളില്‍ അരിശത്തോടെ ഇടിച്ചു. -- ലുക്ക് ദിസ് ഇസ് ഇമ്പോസിബിള്‍‌ ‍. ഈ കഥ ഇങ്ങനെ അവസാനിക്കാന്‍ പറ്റില്ല.

-- എന്താ മാം എന്തുപറ്റി? പാട്ടുകേള്‍ക്കുമ്പോള്‍ ചിലര്‍ ഡാന്‍സ് കളിച്ചുപോവില്ലേ? പരിസരമൊക്കെ മറന്ന്?
അവന്റെ ചോദ്യത്തിലെ നിഷ്കളങ്കത രാധാ ധനപാലനെ വീണ്ടും അരിശംകൊള്ളിച്ചു. -- അതിന്? അതിനെന്താണ്?
-- അതുപോലെയാണ് മാം പ്രണയവും. ഒരാള്‍ പാടിയാല്‍ ...
അവന്റെ സ്വരത്തിലെ ഉറപ്പ് രാധാ ധനപാലനെ അതിശയപ്പെടുത്തി. അവന്‍ പറയാന്‍ വന്നത് താന്‍ പറഞ്ഞുപോകുമോ എന്ന് അവര്‍ ഒരു ഞൊടിയിട ഭയന്നു.

-- അഭീ നിനക്കറിയില്ല. നിനക്കൊന്നും അറിയില്ല. ലോകത്ത് ഒരു പെണ്ണിനും നീയീ പറയുന്ന പേരില്ലാത്ത പെണ്ണിനെപ്പോലെ പെരുമാറാന്‍ കഴിയില്ല.

വിശ്വാസം വരാത്തതുപോലെ അഭി അവരെ നോക്കി. പറഞ്ഞത് ശരിയാണോ എന്ന് അവര്‍ക്കുതന്നെ സംശയം തോന്നി.

-- നോക്കൂ അഭീ. ദാമ്പത്യം ഇങ്ങനെ അല്ല. പ്രണയവും ഇങ്ങനെ സംഭവിക്കില്ല. ഇറ്റ്സ് ആന്‍ ഓള്‍ കണ്‍സയൂമിംഗ് ഫയര്‍ . എ ഡിവൈഡഡ് ഹാര്‍ട്ട് കാണ്ട് ലവ്. ഇറ്റ് വോണ്ട് റ്റേയ്ക്ക് ചാന്‍സസ് വിത്ത്...

അറിയാതെ അവര്‍ മേശപ്പുറത്തുനിന്ന് വലിച്ചെടുത്ത കടലാസുകളുടെ മുകളില്‍ ഭാരം വച്ചിരുന്ന ഓക്സ്ഫോഡ് ലേനേഷ്സ് ഡിക്ഷനറി വലിയൊരു ശബ്ദത്തോടെ നിലത്തേക്ക് വീണു.

ഡിക്ഷനറി കുനിഞ്ഞെടുത്തു നിവരുമ്പോള്‍ മുറിയില്‍ പൊടുന്നനെ വന്ന നിശബ്ദത തന്നെ ചതിച്ചു എന്ന് രാധാ ധനപാലന് തോന്നി. മുകളിലെ നിലയില്‍ കൗമാരക്കാരിയായ മകളുടെ മുറിയില്‍ നിന്ന് ജഗ്ജീത് സിംഗ് പാടുന്നു. ഹോഷ് വാലോം കോ ഖബര്‍ ക്യാ ...

അഭിയുടെ വിരലുകള്‍ പതുക്കെ മേശയുടെ അരികില്‍ താളം പിടിച്ച് തുടങ്ങുന്നോ എന്ന് അവര്‍ സംശയിച്ചു. ഇഷ്ക് കീജിയേ ഫിര്‍ സമജിയേ.. ഉവ്വ് മൃദുതാളത്തിലേക്ക് നീണ്ടവിരലുകള്‍ സ്വപ്നനൃത്തം ചെയ്ത് കയറുകയാണ്.... സിന്ദഗീ ക്യാ ചീസ് ഹേ...

മ്യൂസിക് ഇസ്.....

മുറിനിറഞ്ഞ മുഴക്കത്തോടെ രാധാ ധനപാലന്‍ ഡിക്ഷണറി മേശപ്പുറത്തേക്ക് ഇടിച്ചുവച്ചു.

-- ലുക്ക് നീയെന്നെ ശ്രദ്ധിക്കുന്നില്ല. നിനക്ക് ഇത്തരം ഒരു വിഷയം എഴുതാനുള്ള പക്വത വന്നിട്ടില്ല. പോ. പോയി മറ്റെന്തെങ്കിലും എഴുതിക്കൊണ്ട് വാ. ഇത് മാഗസിനില്‍ കൊടുക്കാന്‍ പറ്റില്ല.

-- മാം ഞാനിത്..
-- നോ അഭീ..ദാറ്റ്സ് മൈ ഫൈനല്‍ വേഡ്. നൗ ... എനിക്ക് അല്പം പണിയുണ്ട്.
അവന് പിന്നില്‍ വാതില്‍ വലിച്ചടച്ച് അവര്‍ മുകളില്‍ മകളുടെ മുറിയിലേക്ക് കോപം കനപ്പിച്ച കാലുകളോടെ കയറാന്‍ തുടങ്ങി.

Tuesday, 25 November 2008

ഇല്ലാത്ത വാക്ക്

ബോറ് 11

-- എന്താ കുട്ടീ ഇത് നിന്റെ അച്ഛന്‍ വീട്ടച്ഛനാണെന്നോ?
-- ങ് ... ഹ്...ഹതേ മാം
-- അങ്ങനെയൊരു വാക്കില്ല. നിന്റെ അച്ഛനെന്താ ജോലി?
-- പ്രത്യേകിച്ചു ജോലിയൊന്നും ഇല്ല മാം.
-- നിങ്ങള്‍ക്ക് പറമ്പില്ലേ? അവിടെ കൃഷിയില്ലേ ?
-- യെസ് മാം. ഉണ്ട്
-- എങ്കില്‍ അച്ഛന്‍ കൃഷിക്കാരന്‍ എന്ന് എഴുതൂ
-- മാം അത് .. ഏഴു സെന്റ് സ്ഥലമാണ് ..കുറച്ചു പയറും മലക്കറിയും. അച്ഛനും അമ്മയും കൂടിയാണ് ചെയ്യുന്നത്..
-- അച്ഛന്‍ മറ്റെന്തു ചെയ്യും?
-- അമ്മ രണ്ടു ഷിഫ്റ്റും ജോലിചെയ്യുന്നതുകൊണ്ട് അച്ഛന്‍ വീട്ടിലെ കാര്യങ്ങള്‍..
-- ഹൊ അതല്ലെന്റെ കൊച്ചേ.. അച്ഛന്‍ വീടിനു പുറത്ത് മറ്റൊന്നും ചെയ്യുന്നില്ലേ?
-- എല്‍ ഐ സിയുടെ കളക്ഷനും ഒക്കെ...
-- അപ്പോള്‍ എല്‍ ഐ സി ഏജന്റ്റാണ്
‌-- ഏജന്‍സി അമ്മയുടെ അനുജത്തിയുടെ പേരിലാണ് മാം. അച്ഛന്‍ നടത്തുന്നു എന്നേയുള്ളൂ
-- നിന്റെ അച്ഛന്‍ എന്തായിരുന്നു ചെയ്തിരുന്നത് ?
-- അച്ഛന്‍ മാലിയില്‍ ആയിരുന്നു മാം. അവിടെ നിന്ന്‍ കമ്പനി പൊളിഞ്ഞു വന്നതാണ്..കുറെക്കാലമായി..
-- അപ്പോള്‍ നിന്റെ അച്ഛനു ജോലിയൊന്നുമില്ല.. അദ്ദേഹം ഒരു തൊഴില്‍ രഹിതനാണ്
-- അച്ഛനാണ് മാം വീട്ടിലെ എല്ലാക്കാര്യവും നോ...
-- യൂ ഗോ ആന്‍ഡ് ഡൂ വാട്ട് ഐ സേ
-- ഹുഹ്! യെസ് മാം
-- ഗോ ആന്‍ഡ് കറക്റ്റിറ്റ്. നിന്റെ അച്ഛന്‍ തൊഴില്‍രഹിതനാണ്.
-- യെ.. യെസ് മാം..

Wednesday, 30 July 2008

മഞ്ഞ

§ 1. സതീശന്‍

മരക്കൊമ്പില്‍ ഒരുവശം കൊണ്ടുഞാന്ന് തലതിരിച്ചു ചിറഞ്ഞുനോക്കുന്ന കടവാതിലിനെപ്പോലെ ബസിന്റെ ചവിട്ട് പടിക്കുമുകളിലെ കമ്പിയുടെ മുകളറ്റത്തു തൂങ്ങി ഒരുകാല്‍ പടിയില്‍ ചവിട്ടി മറുകാല്‍ വായുവില്‍ തുഴഞ്ഞ് സതീശന്‍ ദൈന്യമായ മുഖത്തോടെ എന്നെ നോക്കി. ഇറങ്ങണോ വേണ്ടയോ എന്ന് അവന്‍ ആകുലപ്പെടുന്നതുപോലെ തോന്നി. ‘ഇറങ്ങ്.. വേഗം ഇറങ്ങ്.. മനുഷ്യനെ മെനക്കെടുത്താത്താതെ’ ബെല്ലിന്റെ വള്ളി അക്ഷമയോടെ വെട്ടിച്ച് കണ്ടക്റ്റര്‍ അവന്റെ പിന്നില്‍ ദുര്‍മുഖം കാട്ടി. ഭയന്ന കടവാതിലിനെപ്പോലെ ചിറകുകുടഞ്ഞ് സതീശന്‍ പുറത്തുചാടി.

ബേക്കര്‍ ജംഗ്ഷനില്‍ നിന്ന് ശാസ്തമംഗലത്തേക്ക് ഓട്ടോയില്‍ ഇരിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ എങ്ങനെയോ ഒരു അപരിചിതത്വം പുകഞ്ഞു. കയറ്റം കയറി ട്രാഫിക് ഐലന്‍ഡിനടുത്തെത്തുന്നതിനു മുന്‍പ് സതീശന്‍ എന്തോ പറയാനെന്നപോലെ കൈപൊക്കി. വര്‍ഷങ്ങളായി ഉള്ളില്‍ കുരുങ്ങിക്കിടന്നതുപോലെ ഒരു കുശലം എന്റെ ഉള്ളില്‍ നിന്ന് പുറത്തുചാടി. ‘എന്തടാ മൂത്രമൊഴിക്കണോ?’

ഓട്ടോയുടെ റിയര്‍ഗ്ലാസ്സില്‍ ഡ്രൈവറുടെ മഞ്ഞപ്പല്ലുകള്‍ ഞങ്ങളുടെ സൌഹൃദത്തിന് സിഗ്നല്‍ കാട്ടുന്നതുപോലെ തെളിഞ്ഞു. ഞാനും സതീശനും അറച്ചറച്ച് പരസ്പരം നോക്കിയൊന്നു ചിരിച്ചു.

പതിനാലുവര്‍ഷമപ്പുറത്തെ ബാല്യത്തില്‍ നിന്ന് അന്നേരം ഇറങ്ങിവന്നതുപോലെ സതീശന്‍ എന്റെ കൈ പിടിച്ചു.

ഉച്ചകളില്‍ ഇളം മഞ്ഞനിറമുള്ള വെയില്‍ ഇടറിനില്‍ക്കുന്ന മൊട്ടക്കുന്നിന്റെ ചരിവിലെ ക്ലാസ്മുറിയില്‍ ഉറക്കം ഒരു കോട്ടുവായുടെ വേഷത്തില്‍ മുഖങ്ങളില്‍ നിന്ന് മുഖങ്ങളിലേക്ക് കറങ്ങിനടക്കുന്ന നേരത്ത് പിന്നിലെ ജനലിന്റെ തെളിഞ്ഞചതുരത്തിനു കുറുകേ അറച്ചറച്ച് ഒരു കൈ പൊമ്മ്ങ്ങിവരും. മേരിക്കുട്ടി റ്റീച്ചര്‍ കണക്കോ സയന്‍സോ വറുത്തും കരിച്ചും മടുത്ത വീട്ടമ്മയുടെ പുകഞ്ഞമുഖഭാവം മാറ്റി കുസൃതിയോടെ ചിരിക്കും. ‘എന്താ സതീശാ പോണോ?’

കുനിഞ്ഞമുഖങ്ങള്‍ പലകോണുകളില്‍ പിന്‍ ബഞ്ചിലേക്ക് കള്ളച്ചിരിയോടെ തിരിയുമ്പോള്‍ ഉറക്കം മന്ദതബാധിച്ച ഒരു കാറ്റായി ജനലിനു പുറത്തേക്ക് പോവും. വരിയായിട്ട ബഞ്ചുകളിലെ അടക്കിയ ചിരികള്‍ക്കിടയിലൂടെ സതീശന്‍ ആണ്‍കുട്ടിയെപ്പോലെ നടന്ന് ക്ലാസ്സിനുപുറത്തേക്ക് പോവും.

ഇടയ്ക്കിടെ കയറിവരുന്ന ഈ മൂത്രമൊഴിപ്പുകൊണ്ടാണ് ഞാന്‍ സതീശനെ ശ്രദ്ധിച്ചുതുടങ്ങിയത്. പതുക്കെ അതൊരു കൂട്ടായപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു. ‘നിനക്ക് നാണമാവൂല്ലേ?’

‘നാണിക്കാന്‍ ഞാന്‍ പെണ്ണല്ലല്ലോ’ എന്നായിരുന്നു അവന്റെ മറുപടി.

ശരിയായിരുന്നു ആ മറുപടി. കുന്നിന്‍ ചരിവിലെ സ്കൂളില്‍ മൂത്രപ്പുരയുണ്ടായിരുന്നത് പെണ്‍കുട്ടികള്‍ക്കും ലേഡി റ്റീച്ചേഴ്സിനും മാത്രമാണ്. സ്കൂളിനോട് ചേര്‍ന്നുള്ള തോട്ടത്തിലെ ഏതു മരത്തിന്റെ ചുവട്ടിലും ആണ്മൂത്രത്തിന്റെ ചൂരും നനവും പ്രതീക്ഷിക്കാം.

എങ്കിലും ഞങ്ങള്‍ ആണ്‍കുട്ടികള്‍ ഇഷ്ടപ്പെട്ടിരുന്നത് കുന്നിടിച്ചുണ്ടാക്കിയ പ്ലേഗ്രൌണ്ടിനു തൊട്ടുമുകളില്‍ ഉള്ള പുളിമരത്തിന്റെ ചുവട്ടില്‍ മൂത്രമൊഴിക്കാനാണ്. ഇടവേളകളില്‍ തിടിലിന്മേല്‍ നിരന്നുനിന്ന് മൂത്രമൊഴിച്ചാല്‍ ജലധാരപോലെ മൂത്രം താഴെ ഗ്രൌണ്ടിന്റെ പുല്ലുപിടിച്ച അരികിലേക്ക് പോകുന്നത് കാണാം. താഴെ കവലയിലെ ചായക്കടയും അതുവഴി കടന്നുപോകുന്നവരെയും കാണാം.

പെണ്‍കുട്ടികള്‍ക്ക് മാത്രമേ മൂത്രമൊഴിക്കാന്‍ നാണിക്കേണ്ടതുള്ളൂ. ആണ്‍കുട്ടിക്ക് കവലയുടെ തുറിച്ചകണ്ണിലേക്കും മൂത്രമൊഴിക്കാം.

സതീശനോടൊപ്പം സ്കൂളിനുപിന്നിലെ കുന്നുകയറുന്ന വേളകളിലാണ് മൂത്രമൊഴിപ്പിന്റെ നിഗൂഢകലകള്‍ എനിക്ക് തിരിച്ചറിയാനായത്.

പാറക്കെട്ടുപോലെ പൊക്കമുള്ളിടത്ത് കയറിനിന്ന് അന്തരീക്ഷത്തിലൂടെ പിടയുന്ന ചാട്ടവാറായി മൂത്രമൊഴിക്കുക എന്ന കലാവിദ്യയാണ് ആദ്യം വെളിപ്പെട്ടത്.

‘ലോകത്തേതെങ്കിലും പെണ്ണിനുപറ്റുമോടാ ഇങ്ങനെ പെടുക്കാന്‍?’ എന്ന് അവന്‍ വെല്ലുവിളിക്കും.

സ്കൂളിന്റെ മതിലില്‍ വെപ്പുകാരി അമ്മുക്കുട്ടിയമ്മയെയും പ്യൂണ് തോമാച്ചനെയും ചേര്‍ത്ത് തെറി എഴുതിവച്ചതിന് ഹെഡ്മിസ്ട്രസ് തല്ലിയ ദിവസം ആ ചാട്ടവാറടി ഒന്നു കാണണ്ടത് തന്നെയായിരുന്നു.

അവന്റെ അരിശം ഹെഡ്മിസ്ട്രസ്നോടായിരുന്നില്ല അമ്മുക്കുട്ടിയമ്മയോടായിരുന്നു. ‘ആ തള്ളേടെ മോങ്ങല്‍ കാരണമാടാ എല്ലാം. ആ തോമാച്ചനെ നോക്ക്. അയാളുചിരിച്ചതേയുള്ളൂ. അയാളാടാ ആണ്.’ പിടഞ്ഞുവീണ ചാട്ടവാറിന്റെ നീറ്റലില്‍ മരക്കുറ്റിക്കുതാഴെ കുനിഞ്ഞിരുന്നു നിലവിളിക്കുന്ന അമ്മുക്കുട്ടിയമ്മയെ കണ്ട് എനിക്ക് ഭയം തോന്നി.

മൂത്രം കൊണ്ട് അക്ഷരമെഴുതുക വരിയായിപ്പോകുന്ന ഉറുമ്പുകളെ വരിയുടെ പിന്നാലെ മൂത്രമൊഴിച്ച് പ്രളയത്തില്‍ മുക്കിക്കൊല്ലുക രണ്ടുവശത്തെ പാറകളില്‍ കയറിനിന്ന് മൂത്രവാള്‍ കൊണ്ട് പടവെട്ടുക തുടങ്ങി ഒരുപാടുകലാവിദ്യകള്‍ അവനെന്നെ പഠിപ്പിച്ചു.

ഏഴാംക്ലാസ്സില്‍ വച്ച് കണിശക്കാരനായ അമ്മാവന്റെ വീട്ടില്‍ കയറി അയാളുടെ കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുടുംബവഴക്കുണ്ടായതോടെയാണ് സതീശനുമായുള്ള കൂട്ടിന് വിലക്കുകള്‍ വന്നത്.

അടുത്തവര്‍ഷം ഞങ്ങള്‍ രണ്ടുപേരും രണ്ടുസ്കൂളിലായി. തമ്മില്‍ കാണല്‍ ചുരുക്കമായി. കണ്ടാല്‍തന്നെ മിണ്ടാന്‍ നേരമില്ലാതായി. കഴിഞ്ഞ ആഴ്ചയില്‍ ഫോണില്‍ അവന്റെ ശബ്ദം തിരിച്ചറിയാന്‍ പോലും പാടുപെട്ടു.

തിരുവനന്തപുരത്തേക്ക് വരുന്നു. രണ്ടാഴ്ച താമസിക്കണം. എന്റെ മുറിയില്‍ ഒരാളെ താമസിപ്പിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മാനേജരോട് ഒന്നു ചോദിക്കുകയേ വേണ്ടൂ. അങ്ങനെയാണ് അവനിപ്പോള്‍ എത്തിയിരിക്കുന്നത്.


§ 2. നഗരം

‘എവിടെയായിരുന്നു നീ?’ ഞാന്‍ ചോദിച്ചു. ഉറപ്പില്ലാത്ത ഉത്തരങ്ങളിലൂടെ അവന്‍ തപ്പിത്തടഞ്ഞു. പിന്നെ റോഡിലെ തിരക്കിലേക്ക് നോക്കി നിസ്സഹായനെപ്പോലെ ചിരിച്ചു.

നഗരം അവനെ ഭയപ്പെടുത്തിയിരിക്കുന്നു. സ്വാഭാവികം.

ബി ഏയ്ക്ക് ചേരാന്‍ തിരുവനന്തപുരത്ത് ആദ്യമെത്തിയപ്പോള്‍ സിനിമസ്ക്രീനിലേക്ക് ചെന്നുകയറിയതുപോലെ തോന്നി. വേഗം. തിരക്ക്. തിളക്കം.

പക്ഷെ ശരിക്കും വിഷമിപ്പിച്ചത് സിനിമയിലെന്ന പോലെ നിറയെ പെണ്ണുങ്ങള്‍ നഗരത്തിലും ഉണ്ടന്നതാണ്. നാട്ടിലെപ്പോലെ നിഴലുകളില്‍ ഒതുങ്ങിനടക്കുന്ന പെണ്ണുങ്ങളല്ല. വണ്ടിയോടിക്കുന്ന പെണ്ണുങ്ങള്‍, ഓഫീസ് നടത്തുന്ന പെണ്ണുങ്ങള്‍, എന്തിന് ചെക്കന്മാരെ കമന്റടിക്കുന്ന പരിഷ്കാരിപ്പെണ്‍കുട്ടികള്‍ വരെ എല്ലാം സിനിമയിലെപ്പോലെ.

വലിയ വീതിക്ക് നിറയെ റോഡുകളുണ്ടായിട്ടെന്തുകാര്യം. സ്വസ്ഥമായി നിന്ന് ഒന്നു മൂത്രമൊഴിക്കാവുന്ന ഒരു മൂലയില്ല. എല്ലായിടവും മൂത്രത്തിന്റെ ക്രിയാത്മകതയെ നിഷേധിക്കുന്ന പെണ്ണുടലിന്റെ കടന്നുകയറ്റമാണ്. ദുഷിച്ചവായു തങ്ങിനില്‍ക്കുന്ന ഇടുങ്ങിയ മുറികളും ഭിത്തികളിലൂടെ ഒളിഞ്ഞിഴയുന്ന തടിച്ചകുഴലുകളും കൊണ്ട് നഗരം മൂത്രത്തിന്റെ ലിഖിതങ്ങളെ തമസ്കരിക്കുന്നു. ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം അപ്രസക്തമാവുന്നു.

രാത്രിയില്‍ നഗരത്തിലിറങ്ങി നടക്കാന്‍ തുടങ്ങിയതോടെയാണ് ആ ശ്വാസം‌മുട്ടല്‍ മാറിയത്. പകലിന്റെ മോടികളഴിച്ചുവച്ചാല്‍ നഗരം നാട്ടിന്‍പുറത്തെ പോലെ ഒതുങ്ങും. ഓരോ പെണ്ണിന്റെയും പിന്നില്‍ ഒരാണിന്റെ നിഴലുണ്ടാവും. വഴി തിരിയുന്നമൂലകളിലും അടഞ്ഞകടകളുടെ മറവുകളിലും ഒക്കെ ഉടുമുണ്ടുയര്‍ത്തിനിന്ന് മൂത്രമൊഴിക്കുന്ന പുരുഷന്മാരുണ്ടാവും.

നഗരം വേഷം മാറിയ ഒരു ഗ്രാമം മാത്രമാണ് സതീശാ. ഞാന്‍ മനസ്സില്‍ പറഞ്ഞു. നിനക്കെല്ലാം മനസ്സിലാവും. രാത്രിയില്‍ മുഖം മൂടിയില്ലാതെ ഒന്നു കാണുകയേ വേണ്ടൂ.

കാമ്പസ് പരിചയപ്പെട്ടു വരുന്നകാലത്ത് ദുഃസ്വപങ്ങള്‍ കാണാന്‍ തുടങ്ങിയിരുന്നു. ആവര്‍ത്തിച്ചു കണ്ടത് ഇന്‍ഡോര്‍ ബാസ്കറ്റ് കോര്‍ട്ടാണ്. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂട്ടുകാരെ കാണാതാകുന്നു. പന്ത് ബൌണ്‍സ് ചെയ്യുന്ന ചടുലതാളത്തിന്റെ അകമ്പടിയോടെ ഒരു പെണ്‍പട പത്തോ ഇരുപതോ അല്ല ഒരുപാടൊരുപാട് പേര്‍ ഗ്രൌണ്ട് കീഴടക്കുന്നു. സെന്‍‌ട്രല്‍ സര്‍ക്കിളില്‍ പകച്ചുവീണുപോയ ഇരക്കുചുറ്റും അവര്‍ വലതുകയ്യില്‍ കുതിച്ചു ചാടുന്ന പന്തുമായി വട്ടമിടുന്നു. പിന്നെ പന്തുമായുള്ള നൃത്തവും പെണ്‍പടയും പോയി കോര്‍ട്ട് വലിയൊരു വലയായും കളിക്കാര്‍ നീണ്ടവലിയകാലുകളില്‍ അമര്‍ന്നും ഉയര്‍ന്നും ഉന്മാദനൃത്തം ചെയ്യുന്ന ചിലന്തികളായും രൂപം മാറുന്നു. നടുവില്‍ ഇരയായി സ്വയമറിഞ്ഞ് ഉറക്കം മുറിഞ്ഞ് വിളിച്ചുകൂവിയുണരുന്നു..

ശരിക്കും ഭയന്നത് പെണ്‍പടയുടെ മുന്‍‌നിരയില്‍ ധ്വനിയെ തിരിച്ചറിഞ്ഞ ദിവസമാണ്. ഫുള്‍പാവാടയുടുത്ത് ഒതുങ്ങിയ കുസൃതികളുമായി നടക്കുന്ന പാവം പെണ്ണ് മിനിസ്കെര്‍ട്ടുമിട്ട് അശ്ലീലനൃത്തം പോലെ....

രാവിലെ എഴുന്നേറ്റ് ഹോസ്റ്റലിനു പുറത്തെത്തി അമ്മാവന്റെ വീട്ടിലേക്ക് വിളിച്ചു. അവളെ കിട്ടുന്നതുവരെ ആധിയായി.

‘നീ പ്രിഡിഗ്രി കഴിഞ്ഞാല്‍ എവിടെയാ ചേരുന്നെ..നാട്ടില്‍ തന്നെ പഠിച്ചാല്‍ മതി. വീട്ടില്‍ നിന്നുതന്നെ പോകാമല്ലോ’ യാദൃശ്ചികമെന്നോണം പറഞ്ഞു.

‘ഉണ്യേട്ടനെന്താ വട്ടായോ ഇപ്പോ ഇതൊക്കെ ചിന്തിക്കാന് ?‍’ അവള്‍ ചിരിച്ചു.

ആദ്യവര്‍ഷം കഴിയുന്നതിനു മുന്നേ കാമ്പസിന്റെ ഇരുണ്ടമൂലകളില്‍ വന്‍ ചിലന്തികളുണ്ടെന്ന ഭയം എങ്ങനെയോ ഒതുങ്ങി. ആണ്‍പൂമ്പാറ്റകളും പെണ്‍പൂമ്പാറ്റകളും ചിറകുരുമ്മിപ്പറക്കുന്ന കാഴ്ചകള്‍ മാത്രം. കാഴ്ച ഭയങ്ങളെ ഉച്ചാടനം ചെയ്യുന്ന മാന്ത്രികനാണ്.


§ 3. പ്രളയം

‘ഇവിടെയല്ലേ സാര്‍?’ ഡ്രൈവര്‍ വണ്ടിയൊതുക്കുകയാണ്. ഞങ്ങളിറങ്ങി. പൈസ കൊടുത്തുതിരിയുമ്പോള്‍ സതീശന്‍ വാനം നോക്കി നില്‍ക്കുന്നു.

‘ഇവിടെ ഇവിടെയാണോ നീ താമസിക്കുന്നത്?’ അവന് അതിശയം.

‘അതേ അവിടെ ഏറ്റവും മുകളിലെ നിലയില്‍’ ഞാന്‍ പറഞ്ഞു. അഞ്ചാമത്തെ നിലയാണ്. ടെറസിന്റെ അലോസരപ്പെടുത്തുന്ന ചൂടുണ്ടങ്കിലും സന്ധ്യകളില്‍ ജനലിനുപുറത്തേയ്ക്ക് നോക്കിനിന്നാല്‍ നഗരം വേഷം മാറുന്നത് കാണാം.

‘അപ്പോള്‍ റ്റെറസിലൊക്കെ കയറാമോ?’ അവന്റെ ആവേശം കണ്ടപ്പോള്‍ ചിരി വന്നു. കൊച്ചുകുട്ടികളെപ്പോലെ.

‘കയറാമെടാ വെയിലൊന്നു താഴട്ടെ. ഇപ്പം നീ വാ. നമുക്ക് വല്ലതും കഴിക്കാം’ പടികയറുമ്പോള്‍ അവന് ആവേശം കൂടുകയായിരുന്നു. മുന്നുനാലുതവണ നഗരത്തില്‍ വന്നു പോയിട്ടുണ്ടെങ്കിലും താമസിച്ചിട്ടില്ല. അഞ്ചുനിലയ്ക്ക് മുകളിലുള്ള റ്റെറസില്‍ കയറിയിട്ടില്ല.

അതിശയം തോന്നിയില്ല. ആദ്യാനുഭവങ്ങള്‍ അങ്ങനെയാണ്.

മുറിയിലെത്തിയതും അവന്‍ ജനാലയ്ക്കല്‍ പോയി കുറ്റിയടിച്ചതു പോലെ നിന്നു. വെയിലില്‍ വിജനമായ റ്റെറസുകള്‍ നഗരത്തെക്കുറിച്ചുള്ള ആധികള്‍ മാറ്റുന്ന ഒരു കാഴ്ചയാണ്. ഓരോ നഗരത്തിനും മീതെ കുറച്ചുപേര്‍ മാത്രമുള്ള തെളിവും ഒളിവുമുള്ള ഗ്രാമങ്ങള്‍ ഒളിച്ചിരുപ്പുണ്ട്.

വൈകുന്നേരം റ്റെറസില്‍ അവന്‍ മനസ്സു തുറന്നു. കുടുംബസ്വത്തിന് അമ്മാവനുമായി കേസ്, അച്ഛന്‍ മരിച്ച വകയില്‍ കമ്പനിയില്‍ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍, അമ്മയ്ക്ക് സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍, അര്‍ഹതയുണ്ടായിട്ടും പെങ്ങള്‍ക്ക് കിട്ടാതെ പോകുന്ന ജോലി...

നേരം ഇരുണ്ടു. ‘നീ കേസ് കൊടുത്തില്ലേ സതീശാ.. കുറഞ്ഞത് വേണ്ടപ്പെട്ടവര്‍ക്ക് ഒരു പരാതിയെങ്കിലും കൊടുത്തോ നീ?’.

‘എനിക്കാരുടെയും കാലുപിടിക്കാന്‍ വയ്യ!’ അവന്‍ ദേഷ്യപ്പെട്ട് റ്റെറസിലെ അരമതിലിലേക്ക് നടന്നു. കഴിഞ്ഞ ഫോണ്‍കോളിനു ശേഷം വിളിച്ചപ്പോള്‍ അമ്മ പറഞ്ഞിരുന്നു: അമ്മാവനുമായി മത്സരിച്ചുവളര്‍ത്തിയ പകപ്പാമ്പുകളെപ്പറ്റി; ആത്മാഭിമാനവും ആദര്‍ശബോധവും കൂടി വ്യര്‍ത്ഥമാക്കിയ കാത്തിരിപ്പിന്റ്റെ കായ്ക്കാത്ത കൈതകളെപ്പറ്റി. അവരുടെ വീടിരിക്കുന്ന കുന്നുപോലെ കാടുകയറിയ ജീവിതത്തെപ്പറ്റി.

'ഈ നശിച്ച ജീവിതം’ അവന്‍ നിലത്ത് ആഞ്ഞു ചവിട്ടി പാന്റ്സിന്റെ സിപ്പ് അഴിക്കാന്‍ തുടങ്ങി.

‘ടാ’ ഞാന്‍ ഇരുന്നിടത്തുനിന്ന് പിടഞ്ഞെഴുന്നേറ്റു ‘വേണ്ടാ’ പാരപ്പെറ്റിനോടുചേര്‍ന്നുള്ള അരണ്ടവെളിച്ചത്തില്‍നിന്ന് ഇളം മഞ്ഞനിറത്തില്‍ മൂത്രം ചീറ്റിതാഴേക്ക് പോയി. അവനെ കയറിപ്പിടിക്കാന്‍ എനിക്ക് ആ സമയത്ത് ഭയം തോന്നി എന്നതാണ് സത്യം. പക്ഷെ താഴെ മുറ്റത്താരോ കാറുകയും തെറിവിളിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ അവന്റെ കൈ പിടിച്ച് തിരിഞ്ഞു നോക്കാതെ ഓടി.

മുറിയില്‍ കയറി കതകടച്ച് രണ്ട്മിനിട്ട് കഴിഞ്ഞപ്പോള്‍ സ്റ്റെയര്‍വേയിലൂടെ ആരൊക്കെയോ ഒച്ചവച്ച് കയറിപ്പോകുന്നത് കേട്ടു. ലൈറ്റിടാതെ അവനെ മുറിയുടെ മൂലയിലെ കസേരയിലേക്ക് തള്ളിയിട്ട് ഞാന്‍ കട്ടിലില്‍ വീണു.

പുറത്തെ ബഹളങ്ങള്‍ അടങ്ങിയപ്പോള്‍ അവന്‍ കരയാന്‍ തുടങ്ങി. ‘നിനക്കറിയില്ല. പാവമെന്റെ അമ്മയും പെങ്ങളും..’ അതും കേട്ടിരുന്നു. മെക്കാനിക്കിന്റെ ദിവസശമ്പളത്തിന്റെ സുഭിക്ഷത അവന്. നാളെയെന്തെന്ന ആധി അവര്‍ക്ക്. അന്നന്നത്തേക്ക് ജീവിക്കുന്ന പുരുഷന്റെ തണലില്‍ പെണ്ണിന്റെ നാളെകള്‍ അനാഥമായിത്തുടങ്ങി. ആധിയാണിനി ബാക്കി. അവസാനത്തെ ശ്രമമാണ് ഇത്. നഗരത്തില്‍ ഒരു ജോലിസാധ്യതയുണ്ട്. അത് ശരിയായാല്‍...

നഗരത്തിലെ തിരക്കുകളില്‍ ഒഴുകിനീങ്ങുന്ന സ്ത്രീരൂപങ്ങള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് തോന്നുകയാണ്. തണലുകളില്‍ ഇടറിനില്‍ക്കാതെ ഈ പൂമ്പാറ്റകള്‍ അവരുടെ പൂമ്പൊടിതിരയുന്നുണ്ടാവും. അര്‍ത്ഥശൂന്യതയില്‍ അമര്‍ഷം കൊള്ളുന്ന തണലുകളുടെ രോഷം ഇരുളില്‍ വായുവില്‍ ഒക്കെ പതുമ്മിപ്പറന്ന്....

ഉച്ചയുറക്കം നഷ്ടമായതുകൊണ്ടും പെട്ടെന്നുണ്ടായ ക്ഷോഭം കൊണ്ടും ഞാന്‍ ക്ഷീണിച്ചിരുന്നു. കണ്ണടഞ്ഞു പോകുന്നപോലെ.

‘നീയെന്താ ഉറക്കം തൂങ്ങുവാണോ.. വാടാ കയറ്.. ഒരു കാര്യം കാണിച്ചുതരാം.’ പൊത്തിപ്പിടിച്ചു കയറി. ഇരുണ്ടപാറയ്ക്കപ്പുറം സൂര്യോദയമാണ്. വെളിച്ചത്തില്‍ കുളിച്ചുനിന്ന് സതീശന്‍ കൈനീട്ടി.

ഇളം മഞ്ഞ വെയിലിനു താഴെ ഗ്രാമങ്ങള്‍ ഉറക്കം തൂങ്ങിക്കിടക്കുന്നു. പിന്നെ കാഴ്ച ഓരോ വീട്ടുമുറ്റത്തേക്കും വഴുതിവഴുതി വ്യക്തമായി വന്നു.

മുഖം പൊക്കുന്ന സൂര്യകാന്തിച്ചുവട്ടില്‍, ഇതള്‍പൊട്ടുന്ന മുളകുകൊടിയുടെ വേരില്‍, കറയിറ്റുനില്‍ക്കുന്ന റബറിന്റെ, കായ്ഫലമുള്ള തെങ്ങിന്റെയൊക്കെ ചുവട്ടില്‍, പുരുഷന്മാര്‍ മുണ്ടുപൊക്കി നിന്ന് മൂത്രമൊഴിക്കുകയാണ്. ഇളം മഞ്ഞയായ ദ്രവസ്വര്‍ണം വേരില്‍ നിന്ന് ചെടിയിലേക്ക് കയറി പൂവായ് കായായ് കറയായ്...

അവയ്ക്കുതാഴെ സ്ത്രൈണമായ ഒളിവിടങ്ങള്‍ അപ്പോഴും ഉറക്കത്തിലാണ്ടുകിടന്നു.

‘നോക്ക്.. അതു നോക്ക്’ അവന്റെ വിരല്‍ തുമ്പുകള്‍ നീങ്ങുന്ന ഇടങ്ങളില്‍ ഉറുമ്പുകളായി നിഴലുകളായി ആള്‍‌രൂപങ്ങളായി ചെറുപ്പക്കാര്‍ പുരുഷന്മാര്‍ മലകറുന്നുണ്ടായിരുന്നു. അവരങ്ങനെ നിരയായി വലിയൊരു ചങ്ങലയായി കിഴക്കന്‍ മലകളില്‍ നിരന്നു നിന്നു. പിന്നെ അവരെല്ലാവരും മൂത്രമൊഴിക്കാന്‍ തുടങ്ങി.

മലകളില്‍ നിന്ന് കുന്നുകളില്‍ നിന്ന് ഇളം‌മഞ്ഞ തോടായും അരുവിയായും ഒഴുകി. നെയ്യാറും കിള്ളിയാറും കരമനയാറും നിറഞ്ഞുവന്നു. മലയോരങ്ങളിലെ ജലാശയങ്ങളില്‍ ഇളം മഞ്ഞയുടെ തിരയുണര്‍ന്നു. തീക്ഷ്ണമായ ഗന്ധമുള്ള പൌരുഷമായ ഒരു കാറ്റ് ഞങ്ങളെ പിടിച്ചുലച്ചു.

‘നോക്ക് നിന്റെ തിരുവനന്തപുരം ഇതൊന്നും അറിയുന്നില്ല’ സതീശന്‍ പരിഹസിച്ചു. തിരിഞ്ഞുനോക്കി. അവിടെ തിരുവനന്തപുരം ഉറക്കമുണരുകയാണ്. നീളമുള്ള നിഴലുകള്‍ നീങ്ങുന്ന നഗരപാതകള്‍. പിന്നെ നിഴലുകള്‍ മാഞ്ഞു. പലവര്‍ണങ്ങളിലുള്ള ചിത്രശലഭങ്ങള്‍ - തെരുവുകളും വഴികളും മുറ്റങ്ങളും മരച്ചുവടുകളും അവയെക്കൊണ്ട് നിറഞ്ഞു.

പീരങ്കിവെടിപോലെ ഇളം മഞ്ഞയുടെ ഒരു ധാര എന്റെ അരികില്‍ നിന്ന് ചീറിത്തെറിച്ചു. ‘നിന്റെ നശിച്ച നഗരം ഇതോടെ തീരും.’ സതീശന്‍ അട്ടഹസിച്ചു. പിന്നെ.. അവനൊരാള്‍ വിചാരിച്ചാല്‍ എന്നോര്‍ത്ത് ഞാന്‍ തിരിയുമ്പോള്‍ പിന്നില്‍ ഒരു ആര്‍ത്തലയ്ക്കുന്ന മഞ്ഞ. ഇത് നഗരത്തിലെത്തിയാല്‍... ഓ ദൈവമേ.. ഇരുണ്ടുകിടക്കുന്ന തെരുവുകളില്‍ നിന്ന് ഓടകളില്‍ നിന്ന് അഴുക്ക്തോടുകളില്‍ നിന്ന് മഞ്ഞയുടെ അലകള്‍ ഉയര്‍ന്ന് നിറയുകയാണ്. തമ്പാനൂരില്‍: ചെങ്കല്‍ചൂളയില്‍ കിഴക്കേക്കോട്ടയില്‍...

വിജയം ആഘോഷിക്കുന്നതുപോലെ സതീശന്‍ ആര്‍ത്തുവിളിച്ചു. ‘ടാ നിര്‍ത്ത്.’ ഞാന്‍ അലറി. ‘നിര്‍ത്തടാ...’

ഇരുട്ട്. ലൈറ്റിന്റെ സ്വിച്ചിനു പരതി. മുറിയില്‍ സതീശനില്ല. ആരുമില്ല. സ്വപ്നത്തിന്റെ അവശിഷ്ടം പോലെ അവന്റെ ബാഗ് കസേരക്കരികില്‍ മലര്‍ക്കെത്തുറന്നിരുന്നു.

ആ രാത്രിയില്‍ ഒറ്റയ്ക്ക് അവന്‍ എങ്ങൊട്ടാണ് പോയതെന്ന് എനിക്ക് ഊഹിക്കാനേ സാധിക്കുമായിരുന്നില്ല. ഞാന്‍ മുറിയില്‍ നിന്നിറങ്ങി താഴേക്ക് പോയി.

‘സെക്കന്‍ഡ് ഷോയ്ക്ക് പോവുകയാണെന്നു പറഞ്ഞു സര്‍’ ഗേറ്റിലെ സെക്യൂരിറ്റി എന്നോട് പറഞ്ഞു. ‘വൈകി വന്നാല്‍ തിരികെ കയറ്റണം എന്നും പറഞ്ഞു.’

തിരികെ കയറിപ്പോയി പന്ത്രണ്ടുമണിവരെ ആധിയില്‍ ഉണര്‍ന്നുകിടന്നു. അന്നേരം ഫോണ്‍ അടിച്ചു. പോലീസ് സ്റ്റേഷന്‍.



§ 4. ശലഭം

‘ന്നാലും നീയെന്തിനാടാ അതു ചെയ്തത്?' ആശുപത്രിയിലെ നാറുന്ന കിടക്കയില്‍ ജനലിനുപുറത്തേക്ക് കണ്ണുനട്ടുകിടക്കുന്ന സതീശനോട് ഞാന്‍ ചോദിച്ചു.

‘നിനക്കറിയില്ല ഒന്നും’ എന്നു പിറുപിറുത്ത് അവന്‍ റ്റവല്‍ വലിച്ചിട്ട് മുഖം മൂടി.

പതിനൊന്നരയ്ക്ക് തിരക്കൊഴിഞ്ഞ സ്റ്റാച്യൂ ജംഗ്ഷനിലെ ട്രാഫിക് ഐലന്‍ഡില്‍ വലിഞ്ഞുകയറി വട്ടത്തില്‍ മൂത്രമൊഴിക്കുമ്പോഴാണ് സതീശനെ പോലീസ് പിടിച്ചത്. അല്പം വീശി നിന്ന ഒരു പോലീസുകാരന്‍ കാല്‍മുട്ടുകൊണ്ട് കുറ്റകൃത്യത്തിന് ഉപയോഗിച്ച അവയവത്തില്‍ തന്നെ പെരുമാറി.

കത്തീറ്റര്‍ എടുക്കാന്‍ ഒരാഴ്ചയോളം വേണ്ടിവന്നു. ഇന്‍ഫെക്ഷന്‍ ബാക്കി. ഇടക്ക് പൊരിഞ്ഞപനിക്കിടെ കടും മഞ്ഞനിറത്തില്‍ റ്റ്യൂബില്‍കൂടി പൊയ്ക്കൊണ്ടിരുന്ന ദ്രാവകം വായുവില്‍ നിശ്ചലചിത്രമായി നിന്നത് പഴയൊരു ചാട്ടവാര്‍ ആരോ ഭിത്തിയില്‍ ആണയടിച്ചു തൂക്കിയതിനെ ഓര്‍മ്മിപ്പിച്ചു.

പനി ശമിച്ച ഒരു ഉച്ചയ്ക്കാണ് സതീശന്‍ പേനയും പേപ്പറും ആവശ്യപ്പെട്ടത്. കട്ടിലില്‍ ചരിഞ്ഞുകിടന്ന് വെയിലിനക്കരെ ചുമക്കുന്നതുവരെ അവന്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു. ഒരു സ്കൂളില്‍ ഒരുമിച്ചുപഠിച്ചിട്ടും മൂത്രം കൊണ്ടല്ലാതെ അവന്‍ എന്തെങ്കിലുമെഴുതുന്നത് കണ്ടിട്ടുണ്ടോ എന്ന് ഉള്ളില്‍ തിരഞ്ഞു തിരഞ്ഞ് ഞാന്‍ തളര്‍ന്നു.

കാപ്പിവാങ്ങാന്‍ പടിയിറങ്ങുമ്പോള്‍ ആശുപത്രിയുടെ മഞ്ഞമതിലിലൂടെ വലിയകുഴലുകള്‍ അശ്ലീലമായ ശരീരം വലിച്ച് ഇഴഞ്ഞുപോകുന്നു. വായുവില്‍ ഓര്‍മയായി തൂങ്ങിനില്‍ക്കുന്ന പഴയ ചാട്ടയുടെ അറ്റത്ത് നിസ്സഹായനായിക്കിടന്ന സതീശനെ ഓര്‍ത്ത് ഞാന്‍ അവിടെത്തന്നെ ഒരുനിമിഷം നിന്നു.

ഭൂമിയിലെ ഇരുളറകളിലേക്ക് ആണ്ടുപോകുന്ന നിര്‍വീര്യമാക്കപ്പെട്ട മൂത്രത്തിന്റെ ഭീകരമായ ശൌര്യം ഒരിക്കല്‍ തിരയടിച്ചുയര്‍ന്നാല്‍...

‘കൂട്ടുകാരന് എങ്ങനെയുണ്ട്?‘ പടികയറിവന്ന സുന്ദരിയായ നേഴ്സ് കുശലം ചോദിച്ചു. കുടുംബത്തില്‍ പിറന്നപിള്ളേരൊന്നും ചെയ്യാത്തപണി എന്ന് അമ്മാവന്‍ പറഞ്ഞത് വെറുതെ ഓര്‍മ്മവന്നു. വായുവില്‍ പറക്കുന്ന ചിത്രശലഭം ഒരു നിമിഷമൊന്ന് നിന്ന് പിന്നെ പറന്നുപോകുന്നതുപോലെ നഴ്സ് ചിരിച്ചുകൊണ്ട് പടി കയറിപ്പോയി.

നോക്കൂ സ്നേഹിതാ നിങ്ങളൊരു നിശ്ചലചിത്രം കാണുകയാണ്. ഒരു സ്റ്റെയര്‍ കെയ്സ്. ഇറങ്ങിവരുന്ന ഒരാള്‍. അയാളെതൊട്ടുരുമ്മി മുകളിലേക്ക് പറന്നുപോകുന്ന ഒരു ചിത്രശലഭം. സ്റ്റെയര്‍കെയ്സിനുതാഴയുള്ള പൊട്ടിയ റ്റൈത്സിട്ട പഴയ തറയില്‍ നിന്ന് ഏതുനിമിഷവും ഒരു മഞ്ഞസമുദ്രം പൊട്ടിത്തെറിച്ചുവരാം. അതുകൊണ്ടാണ് ചിത്രശലഭം പരക്കുമ്പോള്‍ പോലും താഴേക്കിറങ്ങുന്നയാള്‍ ഉറഞ്ഞുനില്‍ക്കുന്നതും ഇത് ഒരു നിശ്ചലചിത്രമാവുന്നതും.

Monday, 21 July 2008

തവളയും രാജകുമാരിയും : ഒരു മോഡേണ്‍ പഴങ്കഥ

അങ്ങനെ കണ്ണടച്ച് കഴുത്തോളം തികട്ടി വന്ന മനം‌പുരട്ടല്‍ മറച്ചുവച്ച് രാ‍ജകുമാരി തവളയെ ചുംബിച്ചു.

സത്യം പറഞ്ഞാല്‍ രാജകുമാരിക്ക് തവളകളെ അറപ്പായിരുന്നു, എല്ലാവരെയും പോലെ.

എല്ലാ പൂന്തോട്ടത്തിലെയും പോലെ കൊട്ടാരത്തിലെ പൂന്തോട്ടത്തിലും ചെറിയകുളവും എല്ലാ കുളത്തിലെയും പോലെ ആ കുളത്തിലെ വെള്ളത്തിലും തവളകളും ഉണ്ടായിരുന്നു.

എങ്കിലും ഒരിക്കല്‍ പൂന്തോട്ടത്തില്‍ കളിച്ചുക്ഷീണിച്ച് തിരികെ വരുമ്പോള്‍ അമ്മയുടെ മുറിയില്‍ നിന്ന് ഒരു തവള ചാടിപ്പോകുമ്പോഴാണ് രാജകുമാരി ആദ്യമായി തവളയെക്കണ്ട് പേടിച്ചത്.

‘തവളയോ എവിടെ?' അമ്മ റാണി ഞെട്ടിക്കൊണ്ട് ചോദിച്ചു. അവരുടെ മുഖത്തെ പരിഭ്രമം കണ്ടപ്പോള്‍ തവള ഒരു ഭീകര ജന്തുവാണെന്ന് രാജകുമാരിക്ക് മനസ്സിലായി.

പിന്നെ തവളകള്‍ ചൊറിയുണ്ടാക്കുന്ന ഭീകരജീവികളാണെന്നും അവകിടക്കുന്ന വെള്ളം പോലും തൊടരുതെന്നും തവളകളെക്കണ്ടാല്‍ തിരിഞ്ഞുനോക്കരുതെന്നും ഉറക്കത്തിലെങ്ങാനും തവള ഉള്ളില്‍ പോയാല്‍ വയറുതുരന്ന് പുറത്തുവരും എന്നും അമ്മറാണി രാജകുമാരിയെ പഠിപ്പിച്ചു.

എന്നാലും ഒരുദിവസം സ്കൂളില്‍ പോയപ്പോള്‍ കൂട്ടുകാരി കുപ്പിക്കുള്ളില്‍ അടച്ച് പുന്നാരിച്ചുവളര്‍ത്തുന്ന തവളയെ രാജകുമാരി കണ്ടു.

തവളയെ കൈകൊണ്ടെടുത്താലും തൊട്ടാലും കുഴപ്പമൊന്നുമില്ല എന്ന് കൂട്ടുകാരി രാജകുമാരിയോട് പറഞ്ഞു.

എന്നാല്‍ നിന്റെ തവളയെ ഞാന്‍ ഒന്നു തൊട്ടോട്ടെ എന്ന് രാജകുമാരി കൂട്ടുകാരിയോട് ചോദിച്ചു. പക്ഷേ കുപ്പിതുറന്നാല്‍ തവള ചാടിപ്പോകും എന്ന് കൂട്ടുകാരി പറഞ്ഞു.

പിന്നീട് കൂട്ടുകാരിപറഞ്ഞകാര്യമാണ് രാജകുമാരിയെ അത്ഭുതപ്പെടുത്തിയത്. ‘ രാജകുമാരീ ആരോടും പറയൂല്ലെങ്കില്‍ ഞാന്‍ ഒരു രഹസ്യം പറയാം’

കണ്ണുകള്‍ വിടര്‍ത്തി ചെവി കൂട്ടുകാരിയുടെ മുഖത്തോട് ചേര്‍ത്ത് രാജകുമാരി പറഞ്ഞു. ‘പറ.. ഞാന്‍ ആരോടും പറയൂല്ല’

‘സത്യം?'

‘സത്യം!’

‘വൈകിട്ടേ ഞാന്‍ കെടക്കാന്‍ പോവുമ്പം...ശോ നീയാരോടും പറയില്ലാല്ലോ’

‘പറയില്ലാടീ കഴുതേ നീ പറ!’

‘വൈകിട്ടേ ഞാന്‍ കെടക്കാന്‍പോവുമ്പം മുറിയുടെ കതകെല്ലാം അടച്ച് കുപ്പി തുറക്കും’

‘അന്നേരം?'

‘അന്നേരം... എന്റെ തവള പുറത്തിറങ്ങിവരും’

‘എന്നിട്ട്’

‘എന്നിട്ട് ഞാനുണ്ടല്ലോ... നോക്ക് നീ ആരോടും പറയല്ലും!’

‘ഇല്ലെടീ മണ്ടൂസേ..ഇത് നമ്മുടെ രഹസ്യല്ലേ!’

‘ഞാനെന്റെ തവളയ്ക്ക് ഒരുമ്മകൊടുക്കും’ കൂട്ടുകാരിയുടെ മുഖം ചുവന്നു.

‘യ്യേ!’ രാജകുമാരി മുഖം ചുളിച്ചു.

‘അപ്പഴേ..’ കൂട്ടുകാരിയുടെ കണ്ണില്‍ നക്ഷത്രം വിരിഞ്ഞു ‘തവള ഒരു രാജകുമാരനായി മാറും’.

‘യ്യോ..!’ രാ‍ജകുമാരി ഞെട്ടിത്തെറിച്ച് നോക്കിയപ്പോഴേക്കും കൂട്ടുകാരി കുപ്പിയിലെ തവളയെയും എടുത്ത് ഓടിക്കളഞ്ഞിരുന്നു.

പിന്നെ പലതവണ ചോദിച്ചെങ്കിലും കൂട്ടുകാരി തവളയെക്കുറിച്ചൊന്നും പറഞ്ഞില്ല. ‘ശ്യോ ഈ രാജകുമാരീടെ ഒരു കാര്യം’ എന്ന് നാണിച്ച് ഒഴിഞ്ഞുമാറി.

അങ്ങനെയാണ് രാജകുമാരി പുരാതന ചരിത്രങ്ങള്‍ തിരയാന്‍ ആരംഭിച്ചത്. എല്ലാ ചരിത്രപുസ്തകത്തിന്റെയും മൂന്നാം പാഠം തവളയെ ചുംബിച്ച രാജകുമാരിയുടേതായിരുന്നു എന്ന് രാജകുമാരി മനസ്സിലാക്കി.

(ഒന്നാമത്തെ പാഠം ഉറങ്ങുന്ന രാജകുമാരിയെ ചുംബിച്ച രാജകുമാരന്റേതും രണ്ടാമത്തേത് രാക്ഷസനെ സ്നേഹിച്ചുപോയ രാജകുമാരിയുടേതും ആയിരുന്നു. നൂറുവര്‍ഷം ഉറങ്ങിപ്പോകുന്നത് പരമബോറായതുകൊണ്ടും രാക്ഷസന്മാര്‍ തവളകളെക്കാള്‍ ഭയങ്കരന്മാരായതുകൊണ്ടും രാജകുമാരിക്ക് ആ പാഠങ്ങളോട് ഇഷ്ടം തോന്നീല്ല.)

വിമര്‍ശനാത്മക ബോധനശാസ്ത്രം അന്നത്തെയൊന്നും പാഠപുസ്തകത്തില്‍ ഇല്ലാത്തതില്‍ രാജകുമാരിക്ക് അതിശയവും ദേഷ്യവും തോന്നി.

നിങ്ങളുടെ ഏറ്റവും അടുത്തകുളത്തില്‍ എത്ര തവളകള്‍ ഉണ്ടെന്ന് പരിശോധിക്കുക മുതലായ ചോദ്യങ്ങള്‍ ചരിത്രപുസ്തകത്തില്‍ എഴുതിച്ചേര്‍ത്തിരുന്നെങ്കില്‍ എന്തെളുപ്പമായേനേ?

എങ്കിലും പരീക്ഷിക്കാന്‍ തന്നെ രാജകുമാരി തീരുമാനിച്ചു.

കൊട്ടാരത്തിലെ തവളയെ പിടിച്ചാല്‍ അമ്മ റാണി കാണും. വഴക്കുപറയും.

അങ്ങനെ നോക്കി നോക്കി നടന്ന് രാജകുമാരി ആറ്റരികിലെ തെളിഞ്ഞവെള്ളത്തില്‍ പൊങ്ങിക്കിടന്ന ഒരു തവളയുമായി ചങ്ങാത്തത്തിലായി.

തൊട്ടും തടവിയും ഇക്കിളിയിട്ടും തവളക്കുള്ളില്‍ ഒരു രാജകുമാരന്‍ ഉണ്ടോ എന്ന് രാജകുമാരി നോക്കി. എന്നിട്ടൊന്നും ഉറപ്പായില്ല.

എല്ലാ ദിവസവും രാജകുമാരിയോട് കിന്നാരം പറഞ്ഞ് അവന്‍ ആറ്റിലെ തെളിവെള്ളത്തിലേക്ക് തിരികെച്ചാടി പൊങ്ങിക്കിടന്നു.

ആദ്യമൊക്കെ കൊട്ടാരത്തില്‍ തിരിച്ചുവന്ന രാജകുമാരി അമ്മകാണാതെ കൈ സോപ്പിട്ട് കഴുകി. പിന്നെപ്പിന്നെ തവളയെ ഓര്‍ക്കുമ്പോള്‍ കൈ കഴുകുന്നത് എന്തോ അപരാധമാണെന്ന് രാജകുമാരിക്ക് തോന്നി. പക്ഷെ.......

ചുരുക്കിപ്പറഞ്ഞാല്‍ അങ്ങനെയാണ് രാജകുമാരി തവളയെ ചുംബിക്കാന്‍ തീരുമാനിച്ചത്.

രാജകുമാരിയുടെ ചുംബനം കിട്ടിയ തവള കണ്ണുമിഴിച്ച് അവളെ നോക്കി. പിന്നെ സന്തോഷം കൊണ്ട് അവളുടെ കയ്യില്‍ നിന്നു തുള്ളിയ ശേഷം തിരിച്ച് വെള്ളത്തിലേക്ക് ചാടി. പതിവുപോലെ അന്നവന്‍ പൊന്തിവന്നില്ല.

രാജകുമാരി ചുറ്റും പരതി പരതി നോക്കി. പാഠത്തില്‍ പറയുന്നതുപോലെ രാജകുമാരനും കുതിരയും വന്നില്ല. കാത്തുനിന്നിട്ടും കരഞ്ഞിട്ടും തവളപോലും പിന്നെ പൊന്തിവന്നില്ല.

ആറിന്റെ മറ്റൊരരികില്‍ ചാഞ്ഞമുളംചില്ലക്കുകീഴില്‍ തവളകള്‍ ആര്‍ത്താര്‍ത്തു ചിരിച്ചു.

‘ചിരിച്ചോടാ ..നായിന്റെ മോള്‍ടെ നശിച്ച വായ്നാറ്റം!’ രാജകുമാരിയുടെ തവള കാര്‍ക്കിച്ചുതുപ്പി.

‘ന്നാലും നീ കാര്യം സാധിച്ചില്ലേ..’ ഒരു കൂട്ടുതവള പറഞ്ഞു.

‘എന്ത് സാധിച്ചെന്ന്.. അവളോട് ഇവന്‍ രാജകുമാരനാണെന്ന് കള്ളം പറഞ്ഞാല്‍ അവളിവനെ ഇന്നു കൊട്ടാരത്തില്‍കൊണ്ട് പോയി കട്ടിലില്‍ കിടത്തി ജിംഗ്ജിഗാ..’ മറ്റൊരുത്തന്‍ സ്വപ്നത്തിലെന്നപോലെ കണ്ണുമിഴിച്ചു.

‘ഇതാപറയുന്നെ ഇവനു ബുദ്ധിയില്ലാന്ന്. കള്ളം പറയാതിരിക്കാനാ മോനേ മൊബൈലും ബ്ലൂറ്റൂത്തും.. ദാ നോക്ക്’ മറ്റൊറ്റു തവള പറഞ്ഞു. അവന്റെ മൊബൈലിന്റെ വൈഡ് സ്ക്രീനില്‍ രാജകുമാരി തവളയെ പ്രണയപൂര്‍വം ചുംബിക്കുന്നത് തെളിഞ്ഞു.

‘ഇനി അവള്‍ നമ്മള്‍ പറയുന്നിടത്താ... അല്ലെങ്കില്‍ ഈ ക്ലിപ്പ് വച്ച് നമ്മളൊരു കളി കളിക്കും.’

‘യ്യോ പാവം’ ഒരു തവള പറഞ്ഞു. മറ്റൊരുത്തന്‍ വെള്ളത്തിലൊഴുകിവന്ന ഒരു കൊമ്പിന്‍ കഷണം പിടിച്ചെടുത്ത് അവനെ എറിഞ്ഞു. ‘എന്തു പാവം. കണ്ടില്ലേ നായിന്റെ മോള്‍ടെ ചപ്പലും വലീം. അവളൊരു വെടിയാടാ..’

‘ഇനിവരുമ്പം പല്ലുതേച്ചാല്‍ മതിയായിരുന്നു’ ചുംബനം കിട്ടിയ തവള പറഞ്ഞു.

കഥയിലെ രാജകുമാരി അപ്പോള്‍ കൊട്ടാരത്തിലേക്കുള്ള വഴിയിയിലൂടെ കലുങ്ക് കടക്കുകയായിരുന്നു. കലുങ്കിലുരുന്ന ഒരു തവള തന്റെ മൊബൈലിലേക്ക് സൂക്ഷിച്ചുനോക്കിയിട്ട് രാജകുമാരിയെ നോക്കി മധുരമായി ചിരിച്ചു.

തവള പറഞ്ഞു ‘ഹായ്!’

രാജകുമാരി അവനെ അമ്പരന്നു നോക്കി.

‘ഒരുമ്മ തര്വോ’ തവള ചോദിച്ചു. ചരിത്രത്തിലെ പാഠത്തില്‍ എവിടെയാണ് പിഴവുപറ്റിയതെന്നറിയാതെ രാജകുമാരി പൊതുവഴിയില്‍ അന്തം വിട്ടു നിന്നു.

കുപ്പിയിലടച്ച തവളകളും കുളത്തിലെതവളകളും ആറ്റിലെ തവളകളും തമ്മിലുള്ള വ്യത്യാസങ്ങളും പതിനാറാം നൂറ്റാണ്ടുമുതല്‍ ഇന്നോളം തവളകളും രാജകുമാരിമാരും തമ്മിലുള്ള ബന്ധത്തില്‍ വന്ന മാറ്റങ്ങളും വിഷയമാക്കി വിമര്‍ശനാത്മക ബോധനശാസ്ത്രം അനുസരിച്ചുണ്ടാക്കിയ റ്റെക്സ്റ്റ്‌ബുക്ക് ചര്‍ച്ചചെയ്യാന്‍ കൂടിയ കരിക്കുലം കമ്മറ്റി അന്നു വൈകുന്നേരത്തേക്ക് ചായകുടിച്ച് പിരിയുകയായിരുന്നു അന്നേരം.

Saturday, 26 April 2008

പടിയിറങ്ങുമ്പോള്‍

ബോറ് 6




ഇറങ്ങിപ്പോടീ" ആയാള്‍ അലറി

"പോകാന്‍ തന്നെയാ" ബാഗ് കയ്യിലെടുത്ത് അവള്‍ പറഞ്ഞു.

"മേലില്‍ ഈ പടി ചവിട്ടരുത്" അയാള്‍ അവസാന മുന്നറിയിപ്പ് കൊടുത്തു.

"എന്റെ പട്ടി വരും" അവള്‍ തൊട്ടിലില്‍ നിന്ന് കുഞ്ഞിനെ എടുത്തു.

"നീ കുഞ്ഞിനെ എവിടെക്കൊണ്ടുപോകുന്നു" കയ്യിലിരുന്ന വിവാഹ ഫോട്ടൊ മുറിയുടെ മൂലയിലേക്കെറിഞ്ഞ് അയാള്‍ അവള്‍ക്കു നേരേ കുതിച്ചു.

"ഇതിനെ പെറ്റത് ഞാനാ" അവള്‍ വാതിലിനു നേരേ പാഞ്ഞു.

"കുഞ്ഞിനെ തിരികെത്താടീ" അയാള്‍ വാതില്‍ തടഞ്ഞു കൈവിരിച്ചു.

"മാറാന്‍" അവള്‍ കൈമുട്ടുകൊണ്ട് അയാളുടെ വാരിയെല്ലില്‍ ഇടിച്ചു

"നായിന്റെ മോളേ .. എന്റെ കുഞ്ഞിനെത്താടീ..' അയാള്‍ കുഞ്ഞിന്റെ കയ്യില്‍ പിടുത്തമിട്ടു.

"കൊച്ചിനെ വിടാന്‍.." അവള്‍ ബാഗ് വീശി അയാളെ അടിക്കാന്‍ നോക്കി. കുഞ്ഞു വഴുതിവിഴാനാഞ്ഞ് കരയാന്‍ തുടങ്ങി.

"എന്റെ കുഞ്ഞിനേം കൊണ്ട് നീ ജീവനോടെ ഈ പടിയിറങ്ങില്ല" അയാള്‍ കുഞ്ഞിന്റെ രണ്ടുകയ്യിലും പിടിച്ചു.

"എന്നാലതൊന്നു കാണണം" അവള്‍ ബാഗ് നിലത്തു വച്ച് കുഞ്ഞിന്റെ കാലുകള്‍ മുറുകെപ്പിടിച്ചു.

"വിടെടി കൂത്തിച്ചീ.." അയാള്‍ വലിച്ചു.

"എന്റെ കൊച്ചിനെത്താടാ" അവളും.

........

........

........

........



അങ്ങനെ അക്കാര്യത്തില്‍ തീരുമാനമായി.

Thursday, 10 April 2008

അമ്മ

ബോറ് . 3

ഉറക്കം മടിച്ചു നില്‍ക്കുന്നു. അയാള്‍ തിരിഞ്ഞു കിടന്നു. തലയിണയില്‍ ചിതറിക്കിടക്കുകയാണ് അവളുടെ മുടി. അറപ്പ് തോന്നി. കൈ കൊണ്ട് വരഞ്ഞ് മാറ്റിയിട്ടു.

പുറം തിരിഞ്ഞു കിടക്കുകയാണവള്‍. നിറം പോയ മാക്സി പഴയ തുണിക്കെട്ടു പോലെ. ജോലി കഴിഞ്ഞു വന്നുള്ള കിടപ്പാ‍ണ്. ചത്ത ഉറക്കം.

പെണ്ണുകെട്ടിയാലുള്ള മെച്ചം ഉറക്ക ഗുളികവേണ്ടെന്നതാണ്. ഉറങ്ങാന്‍ കുറേക്കൂടെ നല്ല വഴി ഉണ്ടല്ലോ. അയാള്‍ ഇരുട്ടില്‍ ചിരിച്ചു.

വിരലുകള്‍ കൊണ്ട് മാക്സി മുകളിലേക്കു വലിച്ചു നീക്കി ഉറക്കത്തിന്റെ അലസതയില്‍ അകന്നതുടകള്‍ക്കിടയിലൂടെ അയാള്‍ അവളിലേക്ക് പ്രവേശിച്ചു.

കട്ടില്‍ ഉലയുന്നതിന്റെ കുലുക്കത്തിലോ നെഞ്ചില്‍ അലയുന്ന കയ്യുടെ നോവുള്ള കാര്‍ക്കശ്യത്തിലോ ഉറക്കം പാതി മുറിഞ്ഞ പെണ്ണ് ഞരങ്ങി. പിന്നെ ഒരു ദീര്‍ഘനിശ്വാസത്തോടെ ഉറക്കത്തിലേക്ക് തിരിച്ചു പോയി.

ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന കാര്യം അവള്‍ മറന്നു പോയിരുന്നു.

Tuesday, 8 April 2008

11.05 ന്റെ വണ്ടി

ബോറ് . 2



മാഷിനെ ഞാന്‍ ആദ്യം കാണുന്നത് കടവത്തൂന്ന് വള്ളം കയറി സ്കൂളിലേക്ക് വരുമ്പഴാന്നെന്നേ... ഞാന്നന്നേരം കോളേജിലോട്ട് പോകാന്‍ എതിരേയുള്ള വള്ളത്തില്‍ വരുവാരുന്നു. എന്റീശോ... അതൊക്കെ ഒരു കാലം

അല്ലിയാമ്പല്‍ കടവിലന്നരക്കുവെള്ളം എന്നൊരു പാട്ടൊണ്ടല്ലോ... അത് ഞങ്ങളെക്കുറിച്ചാന്നല്യോ ഞാന്‍ വിചാരിച്ചേ. രാത്രീല് കെടന്നൊറങ്ങുമ്പോ പോലും മാഷിന്റെ കൂടെ വള്ളം തുഴയുന്ന സ്വപ്നന്മാരുന്നു മനസ്സില്‍.

രാവിലെയും വൈകിട്ടും വെള്ളത്തിന്റെ മീതേ ആടിയും ഒലഞ്ഞും ഒരു പോക്കും വരവും. അതുകാണാന്‍‌വേണ്ടി കോളേജീപ്പോണ്ടെങ്കിലും ഞാന്‍ വീട്ടീന്നെറങ്ങി വരുവാരുന്നു. ഒന്നുകണ്ടാലായി. ഒന്നു മിണ്ടിയാലായി. അതെങ്ങനെ കല്യാണാലോചനവരെ പോയീന്നൊന്നും എനിക്കറിയത്തില്ല.

കല്യാണാലോചന നടക്കുമ്പഴാ മാഷിന് ഇവിടെ ഈ നരകത്തിലോട്ട് ട്രാന്‍സ്ഫര്‍ വന്നത്. റെയില്‍‌വേ സ്റ്റേഷനടുത്തുനിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍.

ഒള്ളതൊക്കെ വാരിക്കെട്ടി ട്രെയിനിലാ കൊണ്ടുവന്നതുപോലും.

വന്നിട്ടോ..

ട്രെയിനിലാ മാഷിന്റെ വരവും പോക്കും. ഒരു സ്ടേഷനപ്പുറത്തല്യോ ജോലി. രാവിലെ ഒരോട്ടം. വൈകിട്ടൊരോട്ടം.

മുന്‍പിലും പിന്‍പിലും ചായേടെകൂട്ടത്തില്‍ ഒരു നോട്ടം. ബാക്കിയെല്ലാം ക്ഷീണവും ജോലിയുമാ അങ്ങേര്‍ക്ക്.

എല്ലാം സഹിക്കാം. വൈകിട്ട് ഉണ്ടതും ഉണ്ടാക്കിയതുമെല്ലാം കഴുകിപ്പെറുക്കി ക്ഷീണിച്ച് വന്ന് ബെഡേലോട്ടൊന്നു കിടക്കുമ്പം ട്രെയിനിന്റെ അനക്കം തൊടങ്ങും.

11.05 ന്റെ വണ്ടി

കണ്ണില്‍ മയക്കം പിടിക്കുമ്പോള്‍ അതിന്റെ ഒരു എളക്കോം അനക്കോം. പിന്നെ ഒരു ഭൂമികുലുക്കമല്യോ.. രണ്ടുമിനിറ്റ്. രണ്ടുമിനിറ്റേയൊള്ളൂ. കണ്ണേലോട്ട് പിടിച്ച ഒറക്കം പോയിക്കിട്ടും.

ഇതിയാനതൊന്നും അറിയാത്തമട്ടില്‍ തിരിഞ്ഞുകിടക്കും. പിന്നെ കൂര്‍ക്കം വലിയേ കേള്‍ക്കൂ.

ബോറ്...

Thursday, 27 March 2008

കിണര്‍

§
ഇരുട്ട്. ചില്ലകളില്‍ നിന്ന് കൊഴിഞ്ഞും പറന്നും കരിയില പോലെ നിലാവ്.

വേരുകളില്‍ എന്നല്ല മരങ്ങളില്‍ തന്നെ തട്ടാതെ നടക്കാന്‍ പ്രയാസം. കാഴ്ച നൃത്തം വയ്ക്കുകയല്ലേ.

അല്പം അകലെ മരച്ചില്ലകള്‍ക്ക് താഴെ മതില്‍കെട്ടുപോലെ വെളിച്ചം. വഴിവിളക്കാണ്. വെളിച്ചത്തിന്റെ വാള്‍തലകൊണ്ട് യുദ്ധംചെയ്യുന്ന ജഡൈ യോദ്ധാക്കളെപ്പോലെ രണ്ട് വാഹനങ്ങള്‍ പോരടിച്ച് എതിര്‍ ദിശകളിലേക്ക് മറഞ്ഞുപോയി.

തൊടിയിലെ ചുറ്റുകെട്ടില്ലാത്ത കിണര്‍ കഴിഞ്ഞിരിക്കുന്നു. വേലി അടുത്തെവിടെയോ ആണ്; സൂക്ഷിക്കണം. പത്തുകല്‍ത്തൂണുകള്‍ക്കിടെ ഒരു ചാരുകല്ലുണ്ട്. ബലത്തിനാണ്. അതും ഒരു സഹായം.

വലിച്ചുകെട്ടിയ മുള്‍കമ്പിയില്‍ തട്ടാതെ ചാരുകല്ലില്‍ കയറി കല്‍തൂണിന്റെ മുകളില്‍ കാല്‍‌വച്ച് പതിയെ ചാടി. അടുക്കളപ്പുറത്തെ ചേമ്പിന്‍ തോട്ടമാണ്.

പിന്‍‌പുറത്തെ മൂലയില്‍ ഒരു ബള്‍ബ് കത്തുന്നുണ്ട്. മുറ്റത്ത് നേരേകയറണ്ട. അകലെ ഏതുകണ്ണാണ് അടുക്കളപ്പുറത്ത് കറങ്ങിനില്‍ക്കുന്നതെന്നറിയില്ലല്ലോ. പെണ്ണുങ്ങള്‍ പാര്‍ക്കുന്ന വീടാകുമ്പോള്‍ പറയാനുമില്ല.

പക്ഷെ പരതുന്നകണ്ണുകളുടെ ഭീഷണിക്കപ്പുറം അടഞ്ഞവീടിന്റെ രഹസ്യങ്ങളിലേക്ക് ഒരാളെ വിളിച്ചുകയറ്റുന്ന എന്തോ ഒന്ന് ഓരോ വീടിനുള്ളിലുമുണ്ട്.

§§
മുപ്പത്തിമൂന്നേ മുപ്പത്തിനാലേ മുപ്പത്തഞ്ചേ....

ഒളിക്കാനിടം വേണം. ആരും കണ്ടുപിടിക്കരുത്. കണ്ടാലും നോക്കാന്‍ വരുന്നവനെക്കാള്‍ മുന്നേയോടി എണ്ണുന്നമൂലയില്‍ എത്താനാവണം.

അല്ലെങ്കില്‍ അടുത്തകളിയില്‍ ഒളിച്ചിരിക്കുന്നതിന്റെ സുഖം നഷ്ടപ്പെടും. ഇരയ്ക്കുപിന്നാലെ മണത്തുനീങ്ങുന്ന വേട്ടപ്പട്ടിയെപ്പോലെ ഓടിയാല്‍ മാത്രം പോര. കാക്കാനുള്ള കന്നിമൂല കണ്ണില്‍ നിന്നുമായാതെ പതുങ്ങിവരുന്നവരെ പ്രതിരോധിക്കുന്ന കാവല്‍ നായ് കൂടിയാവണം. വയ്യ.

ഒരു മറവ്. ഊര്‍ന്നിറങ്ങാന്‍ എളുപ്പമുള്ള ഒളിവ്.

ആ മുറി. ആരുമില്ല. മൂല. അലമാര.

അമ്പത്തെട്ടേ അമ്പത്തൊ..

ചിന്തിക്കാനൊന്നുമില്ല

അറൂപതേ...

§

പട്ടിയുടെ കൂട് വീടിനു മുന്‍‌വശത്താണ്. അത് നന്നായി.

അടുക്കളവശം ഒഴിഞ്ഞ് മുളകിന്‍‌കൊടി പടര്‍ന്ന മാവിനുതാഴെ ഒരു കക്കൂസുള്ളത് നേരത്തേ ശ്രദ്ധിച്ചിരുന്നു. അതിനുചേര്‍ന്ന് ഒരു ജനലും. റോഡില്‍ നിന്നോ അയല്‍‌വീട്ടില്‍ നിന്നോ ഒരുകണ്ണും അവിടെയെത്തില്ല.

ഓരോവീടും ഒരുകള്ളന് ഒതുങ്ങിനില്‍ക്കാനുള്ള ഒരുമൂല കരുതിവയ്ക്കുന്നു. അത് പ്രകൃതിനിയമം പോലെയാണ്. വിട്ടുവീഴ്ചയില്ല.

ജനല്‍ തുറക്കാനും കമ്പി വളയ്ക്കാനും ആവശ്യമുള്ള ഉപകരണങ്ങള്‍ അരയില്‍ സുരക്ഷിതം.

§§

മുറി. മൂല. അലമാരി. ഇരുട്ട്.

പുറത്തെമുറിയില്‍ ആരുടെയോ അനക്കമുണ്ട്. എന്നാലും ആരും ഇപ്പോള്‍ ഇങ്ങോട്ടുവരില്ല.

അറുപത്താറേ....
§

വഴിയില്‍ വണ്ടികള്‍ ഇരമ്പുന്നുണ്ട്. ഉല്‍കണ്ഠ തോന്നിയതേയില്ല. ചിലവീടുകള്‍ കള്ളനെ കാക്കുന്നു. തൊടുമ്പോള്‍ ത്രസിക്കുന്ന ദലങ്ങള്‍ വണ്ടിനെ മയക്കുന്നപോലെ വീടിന്റെ സ്പര്‍ശം കള്ളനെ ലഹരിപിടിപ്പിക്കുന്നു.

ജനല്‍കമ്പികള്‍ പ്രതീക്ഷിച്ചതിലും എളുപ്പം വളഞ്ഞു. കയറുന്നത് ഒഴിഞ്ഞ ഒരു മുറിയിലേക്കാണ്. അകത്തു കയറി ജനല്പാളിയടച്ച് റ്റോര്‍ച്ച് തെളിച്ച് അയാ‍ള്‍ ഒന്നുകൂടി നോക്കി. മൂലക്ക് ഒഴിഞ്ഞ ഒരു പുസ്തകഷെല്‍ഫ്. ഒരു കസേര. ഒഴിഞ്ഞ കസേര. മറ്റൊന്നുമില്ല.

ഭയം. ഉള്‍മുറിയിലെ ശൂന്യത പുറത്തെവേട്ടക്കാരനെക്കാള്‍ ഭയാനകമാണ്. സാരമില്ല, അയാള്‍ ആശ്വാസംകൊണ്ടു. അടുത്തമുറിയിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയല്ലേ.

മൂന്നുപെണ്ണുങ്ങള്‍ താമസിക്കുന്ന രാവില്‍ ആളൊഴിയുന്ന വീടിന്റെ കൌതുകങ്ങളിലേക്ക് തുറക്കുന്ന വാതില്‍

§§

മൂല. അലമാരി. ഇരുട്ട്.

എഴുപത്തൊന്നേ

തൊട്ടരികെ അഴുക്കുതുണികള്‍ നിലത്ത് കൂട്ടിയിട്ടിരിക്കുന്നു. ഒരു സാരിത്തുമ്പ് മറ്റു തുണികളില്‍ നിന്നു നീണ്ട് അലമാരിച്ചുവടിനെ തൊട്ടുകിടക്കുന്നു.

വിയര്‍പ്പിന്റെ -- അനാദിയും അരൂപിയും ആയ ശരീരത്തിന്റെ -- മണമാണ് മുറിയില്‍.

പുറത്തെ കാലൊച്ചകള്‍ക്കെന്തേ പെരുമ്പറയുടെ മുഴക്കം. അറിയാതെ വിരല്‍തുമ്പില്‍ കൂടി ഒഴുകുന്ന സാ‍രിത്തുമ്പില്‍ ഉറവപൊട്ടുന്ന നദിയുടെ ചൂടും തുടിപ്പും...

ആരോ വരുന്നുണ്ട്..

തൊണ്ണുറ്റാറേ....

§

അകലെ അലാറം. കൂവല്‍ അലര്‍ച്ചയായി വളര്‍ന്ന് റോഡിലൂടെ പാഞ്ഞു പോകുന്നു. എന്തോ അത്യാഹിതം നടന്നിട്ടുണ്ട്. അപകടങ്ങള്‍ രാവിനെ ഉണര്‍ത്തുന്നു. ഉറക്കം നടിച്ചു കിടക്കുന്ന രാവ് കുഴപ്പക്കാരിയാണ്.

പക്ഷെ അടുത്തഹോസ്പിറ്റലിലെ നഴ്സിംഗ് സൂപ്രണ്ടും രണ്ടുനഴ്സുമാരും താമസിക്കുന്ന വീട് അപായം നടക്കുന്ന രാവില്‍ ഒരു കള്ളനു കൂടുതല്‍ സുരക്ഷിതമാകുന്നു. ചിലദിവസങ്ങള്‍ അങ്ങനെയാണ്. എല്ലാം അനുകൂലമായേ വരൂ.

§§

‘എന്താ ചെക്കാ ഇവിടെനിന്ന് തിരിയണെ..’
‘ഉണ്ണിയെ നോക്കുവാ ചെറ്യമ്മേ..’
‘കളിയൊക്കെ പുറത്ത്.. പോ.. അവന്‍ പുറത്തെവിടെയെങ്കിലും കാ‍ണും..’

തിരച്ചില്‍കാരന്‍ അകന്നുപോകുന്നു. ഒളിച്ചിരിപ്പ് അനാഥമായ കാത്തിരിപ്പായി മാറിയെന്ന് വരുമോ....

§

ഉള്‍മുറിയിലേക്ക് റ്റോര്‍ച്ച്മിന്നിച്ചതും ഉള്ളിലെ ഉത്സാഹം ചോര്‍ന്നുപോകുന്നതുപോലെ. ഒരരികില്‍ ഒരു കട്ടില്‍ ഉണ്ട്. കട്ടിയുള്ള മെത്തയ്കുമുകളില്‍ ഭംഗിയുള്ള വിരി. മറ്റൊരരികില്‍ ഒരു അലമാരിയുണ്ട്. ഭിത്തിയോട് ചേര്‍ന്ന് പക്ഷെ മുറിയുടെ മൂലയില്‍ നിന്ന് മാറിയാണ്. അതിനപ്പുറം ഒരു വാതില്‍ ചാരിയിട്ടിരിക്കുന്നു.

അലമാരി പൂട്ടിയിട്ടില്ല. ഉടനെ തുറക്കുന്ന അലമാരകള്‍ ഉള്ള് ശൂന്യമാണെന്ന മുന്നറിയിപ്പാണ്. അലക്കി അടുക്കിയ തുണിയുടെ എന്തോ സുഗന്ധവസ്തുവിന്റെ മടുപ്പിക്കുന്ന മണം.

വിരസതയോടെ അടുക്കിവച്ച തുണികള്‍ ഉയര്‍ത്തി നോക്കി അലമാര അടച്ച് തിരിയുമ്പോള്‍ മറുവശത്ത് മറ്റൊരു മുറിയിലേക്ക് കയറാന്‍ മൂന്നാമതൊരു വാതില്‍.

തിരികെയിറങ്ങി മടങ്ങിയാലോ? ഉള്ളറകളിലെ ഓരോ വാതിലും കിണറിന്റെ തൊടി പോലെയാണ്. ഓരോ വാതില്‍ കടക്കുമ്പോഴും വീട് ഇരുളിന്റെ ഒരു പുതിയ ആവരണം കൊണ്ട് സന്ദര്‍ശകനെ പൊതിയുന്നു.

പക്ഷെ ഒരു കള്ളന്റെ മനസ്സിനു ചില പ്രത്യേകതകളുണ്ട്...

§§

ഒളിച്ചുകളി കുഴപ്പം പിടിച്ച ഒരുകളിയാണ്.

ഇരുളിന്റെ അവ്യക്തത കാഴ്ചകള്‍ തിരയുന്നവനില്‍ നിന്ന് ഒളിച്ചിരിക്കുന്നവനെ മറച്ചുവയ്ക്കുന്നു. കാഴ്ചകളില്ലാതെ കാലൊച്ചയായി നടക്കുന്നവനില്‍ നിന്ന് മറഞ്ഞിരിക്കുന്നത് ഒരു ലഹരിയായി ഒളിച്ചിരിക്കുന്നവനെ പൊതിയുന്നു.

അരൂപിയായ മറ്റൊരു ഉടലിന്റെ സാന്നിധ്യം, തിരയുന്നവന്റെ കാലൊച്ച കേള്‍ക്കാത്തപ്പോള്‍ പോലും, ഒറ്റക്കിരിക്കുക എന്ന വിരസതയില്‍ നിന്ന് ഒരു പക്ഷെ ഒളിച്ചിരിക്കുന്നവനെ മോചിപ്പിച്ചേക്കാം.

അപ്പോള്‍ കാത്തിരിപ്പിന്റെ ശാന്തതയിലേക്ക് ഇരുളില്‍ തങ്ങിനില്‍ക്കുന്ന മറ്റൊരുടല്‍ രുചിയായ് മണമായ് നനവായ് ഇറങ്ങിവരുന്നു...

§

കിണറിനുള്ളില്‍ നിന്ന് മുകളിലേക്കു നോക്കും‌പോലെയാണ് റ്റോര്‍ച്ചിന്റെ പ്രകാശം. അരണ്ട വെളിച്ചം ഒരു കുഴല്‍ പോലെ വളര്‍ന്ന് അതിനറ്റത്ത് കാഴ്ച്ചയുടെ ഒരു വളയം വിരിയുന്നു. പക്ഷെ അത് പലപ്പോഴും ഒരേമരക്കൊമ്പുകളുടെ ഒരേ ആകാശത്തിന്റെ....

ഈ മുറിയും മറ്റതിന്റെ കോപ്പി തന്നെ. വിരിച്ചിട്ട കട്ടില്‍. അടക്കാത്ത അലമാര. അടുക്കിവച്ച വസ്ത്രങ്ങള്‍. സുഗന്ധദ്രവ്യങ്ങളുടെ മടുപ്പിക്കുന്ന മണം.

ചെറുപ്പക്കാരികളായ നഴ്സുമാര്‍ വാരാന്ത്യത്തില്‍ വീട്ടില്‍ പോയിവരുന്നവരാണ്. അവര്‍ ഇവിടെ ഒന്നും സൂക്ഷിക്കുന്നുണ്ടാവില്ല. നാശം പിടിക്കാന്‍. അവിവാഹിതകളായ പെണ്‍കുട്ടികള്‍ വാടകക്ക് താമസിക്കുന്നയിടം ശവപ്പറമ്പ് പോലെയാണ്. ആരൊക്കെയോ ജീവിച്ചിരുന്നു എന്നതിന്റെ ഓര്‍മകള്‍ മാത്രം അവശേഷിക്കുന്ന ഇടം.

വിരിച്ചിട്ട കട്ടില്‍.. അടുക്കിവച്ച അലമാര... പക്ഷെ..പക്ഷെ... മുറിയുടെ മറുവശം സ്വര്‍ണക്കൈപ്പിടിയുള്ള അടച്ചിട്ട വാതില്‍.

നഴ്സിംഗ് സൂപ്രണ്ട് മധ്യവയസ്കയാണ്. ഉച്ചിയില്‍ കെട്ടിവച്ച മുടി. വസ്ത്രത്തിന്റെ നിറത്തിനൊപ്പം മാറുന്ന ആഭരണങ്ങള്‍. സ്വര്‍ണക്കണ്ണട. വിയര്‍ക്കുന്ന ഉടല്‍.

ആ മുറിക്കുള്ളില്‍ അവര്‍ ഉറങ്ങുന്നുണ്ടാവണം. ഇന്നൊരുപക്ഷെ എല്ലാ സന്ധ്യയിലെയും പോലെ വെള്ള വസ്ത്രം ധരിച്ച ചെറുപ്പക്കാരികള്‍ക്കൊപ്പം കടും നിറമുള്ള സാരിക്കുമീതെ വെള്ളക്കോട്ടിട്ട് അവര്‍ പുറത്തേക്ക് പോയിട്ടുണ്ടാവില്ല.

ഉടമസ്ഥ ഉറങ്ങിക്കിടക്കുന്ന വീട് കവര്‍ച്ച ചെയ്യുന്നത് അറിയാത്തമൂലയില്‍ ഒളിച്ചിരുന്ന് അരുതാത്തതുകാണുന്നതു പോലെ രതിക്കും ഭയത്തിനുമിടയില്‍ ഉടല്‍ പകുത്തെടുക്കുന്ന...

§§

വാതില്‍ ഞരങ്ങുന്നുണ്ട്. അലമാരിയുടെ ഇരുളിനപ്പുറത്തേക്ക് ഒരു നിഴല്‍ അടുത്തുവരുന്നുണ്ട്.

കടന്നുവരുന്ന പതിഞ്ഞ കാല്പാദങ്ങളില്‍ ഒളിച്ചിരിക്കുന്നവനെ തിരയുന്ന വേട്ടക്കാരന്റെ ജാഗ്രതയില്ല. അലയുന്ന കാഴ്ചയില്‍ നിന്ന് അരണ്ടവെളിച്ചത്തിലേക്ക് കടന്നുവരുന്നയാളിന്റെ ആലസ്യം മാത്രം.

മുഷിഞ്ഞ വസ്ത്രങ്ങള്‍ക്ക് മീതേ മറ്റൊരുമേല്‍ വസ്ത്രംകൂടി വന്നു വീഴുന്നു.

ഉച്ചിയിലേക്ക് മുടിവാരിക്കെട്ടി..പിന്നിലേക്ക് കയ്യണച്ച്...

അരുതായ്കയുടെ തെളിച്ചമേ കണ്ണുകള്‍ തുരന്നെടുക്കരുതേയെന്ന് നിലവിളിക്കുന്ന ഹൃദയം തൊണ്ടയില്‍ വന്ന് മിടിക്കുന്നു.

ഒരനക്കമിടാം. ഒന്നെഴുന്നേല്‍ക്കാം. പക്ഷെ ഒരു നിലവിളി. അടക്കിപ്പിടിച്ച ഒരു ശകാരം.

പിന്നെ എന്താണുണ്ടാവുകയെന്നറിയില്ല. പൂമുഖത്തെ കസേരയുടെ ഞരങ്ങിപ്പിടഞ്ഞു നീങ്ങാം. ‘ഫ..നായിന്റെമോനേ’യെന്ന അലര്‍ച്ചയില്‍ വീ‍ടുകിടുങ്ങാം. പക്ഷേ ഓരാതിരിക്കെ കണ്മുന്നില്‍ വിരിയുന്ന ഈ വിസ്മയം....

കാഴ്ചക്കിപ്പുറം വിറകൊള്ളുന്ന ഇരുളില്‍ വേര്‍പ്പിന്റെ രുചിക്കും ഗന്ധത്തിനുമപ്പുറം കത്തുന്നകാഴ്ചയാകുന്ന ഒരുടലിന്റെ തീക്ഷ്ണതയില്‍ ഉടല്‍ തളര്‍ന്നും ഉള്ളിലൊഴുകുന്ന ലാവയുടെ തിളപ്പില്‍ നീറിയും ഇരിക്കുമ്പോഴും ഉടല്‍കാഴ്ചയില്‍ നിന്ന് പിന്‍‌വലിയാന്‍ മടിക്കുന്ന കണ്ണുപോലെ...

§

വിറകൊള്ളുന്ന വിരലുകളില്‍ സുവര്‍ണ്ണവാതില്‍ പിടി ഒരു ഞരക്കത്തോടെ താഴുന്നു.

ഉള്ളില്‍ നിന്ന് പെണ്മണമുള്ള ഒരുകാറ്റ് അദൃശ്യമായൊരുടല്‍ പോലെ വാതിലിലൂടെ നൂഴ്ന്നിറങ്ങുന്നുണ്ട്.

എതിരെ വലിയൊരു കണ്ണാടിയില്‍ കിണറിന്റെ വായ്‌വട്ടം വലിയൊരു വെളിച്ചമായി ഒരു കറുത്തനിഴലിനെ പിന്നിലേക്കേടുത്തെറിഞ്ഞ് വീടിനെ നടുക്കുന്നു.

കട്ടിലില്‍ ഉലഞ്ഞവസ്ത്രങ്ങള്‍ കുടഞ്ഞെറിഞ്ഞ് പിടഞ്ഞ്പൊന്തുന്നതാരാണ്

§§

ഉണ്ണീ... നീ..
............
§
ബൌ...

വായുവിനെ വിറപ്പിക്കുന്ന കുരയോടെ കറുത്തപട്ടി കുതിച്ചുചാടുന്നു. മുന്നിലെ കൂട്ടില്‍ നിന്ന് ഇതിനെ മുറിക്കുള്ളില്‍ അടച്ചിട്ടതാരാണ്... വീടിന്റെ ഉള്ളില്‍ ഉടല്‍ചൂ‍രുറങ്ങുന്ന വസ്തക്കെട്ടില്‍ വിണ്ടുവീഴുന്നവെളിച്ചത്തില്‍ പിടയുന്ന നിഴല്‍‌രൂപത്തില്‍ അതിനെ ഒളിച്ചുവച്ചതാരാ‍ണ്..

അമ്മേ...

നിഴലുകള്‍ വലിയകടവാതില്‍ ചിറകുകളില്‍ ശബ്ദം റാഞ്ചിപ്പറക്കുന്നു.... പിടഞ്ഞോടുന്ന കാല്‍പാദങ്ങള്‍ക്കു താഴെ വീട് വഴുതുന്നു. ദിശതിരയുന്ന കണ്ണുകളില്‍ ഇടത്തേക്കും വലത്തേക്കും തിരിയുന്നവാതിലുകള്‍ കെണിവയ്ക്കുന്നു.

പിന്നില്‍ വെളിച്ചം വാര്‍ന്നുപോയ നിലക്കണ്ണാടി നിഴല്‍നൃത്തങ്ങളില്‍ ഉലഞ്ഞ് പിന്നെ തിരയടങ്ങിയ കടലായി സ്തംഭിക്കുന്നു.

***

ഓരോ കിണറിനുള്ളിലും ഇരുളുണ്ട്. ഇരുളിനൊടുവില്‍ ഒരു നിഴലുണ്ട്. ഉറക്കാ‍ത്തകാലുമായി ഉള്ളിലേക്ക് എത്തിനോക്കുന്നവരെ വലിയ നിഴല്‍ കറുത്ത വായ് പിളര്‍ന്ന് വിഴുങ്ങിക്കളയുന്നു.